college

തിരുവനന്തപുരം: കോളേജുകളിൽ അവസാന സെമസ്റ്റർ പരീക്ഷ ഒഴിവാക്കാനാവില്ലെന്ന് ഉന്നതവിദ്യാഭ്യാസസെക്രട്ടറി ഉഷാടൈറ്റസ് കേരളകൗമുദിയോട് പറഞ്ഞു.മറ്റ് സെമസ്റ്ററുളുടെ പരീക്ഷകൾ എങ്ങനെ നടത്തണമെന്ന് സർവകലാശാലകൾക്ക് തീരുമാനിക്കാം. മുൻസെമസ്റ്ററുകളിലെ ഗ്രേഡിന്റെ ശരാശരി, ഇന്റേണൽ അസസ്മെന്റ് എന്നിങ്ങനെ മാർഗ്ഗങ്ങൾ സ്വീകരിക്കാം. അവസാനസെമസ്റ്റർ പരീക്ഷയ്ക്ക് മൾട്ടിപ്പിൾ ചോയ്സ് (ശരിയുത്തരം തിരഞ്ഞെടുത്തെഴുതുന്ന) ചോദ്യമുപയോഗിക്കാം. കോളേജുകൾ തുറക്കുമ്പോൾ, കുട്ടികളുടെ എണ്ണം കുറച്ച് ബാച്ചുകളാക്കി വൈകിട്ട് നാല്വരെ പഠനം നടത്താൻ അനുമതി നൽകിയിട്ടുണ്ട്..

സാങ്കേതിക

സർവകലാശാല

അവസാന സെമസ്റ്റർ പരീക്ഷ ഓൺലൈനായി നടത്തിക്കൊണ്ടിരിക്കുന്നു. ബാക്കി പരീക്ഷകൾ ഉപേക്ഷിച്ചു. ഇവർക്ക് മുൻസെമസ്റ്ററുകളിലെ ഗ്രേഡ് പരിഗണിച്ച് ഗ്രേഡ് നൽകും. സപ്ലിമെന്ററി പരീക്ഷ സെപ്തംബറിൽ നിശ്ചയിച്ച് ടൈംടേബിൾ നൽകിയെങ്കിലും നടത്താനാവുമെന്ന് ഉറപ്പില്ല. 40ശതമാനം കുട്ടികൾ സപ്ലിമെന്ററിയെഴുതും. നൂറുമാർക്കിന്റെ പരീക്ഷ എഴുപതിലേക്ക് ചുരുക്കി. ഇക്കൊല്ലം ഇയർഔട്ട് ഒഴിവാക്കി.

ആരോഗ്യ

സർവകലാശാല

പൊതുജനാരോഗ്യത്തെ ബാധിക്കുന്നതായതിനാൽ മെഡിക്കൽ കോഴ്സുകളിൽ പരീക്ഷ നടത്തിയേപറ്റൂ. ബിഫാം തുടങ്ങിയ അനുബന്ധ കോഴ്സുകളിൽ സെമസ്റ്റർ പരീക്ഷ നടത്താതെ കുട്ടികളെ അടുത്ത സെമസ്റ്ററിലേക്ക് പ്രൊമോഷൻനൽകി. ഇവർ അവസാനസെമസ്റ്ററിനകം ഈ പരീക്ഷയെഴുതി വിജയിക്കണം. ഇതിനായി പ്രത്യേക പരീക്ഷ നടത്തും. ആഗസ്റ്റിൽ നടത്തേണ്ട എം.ബി.ബി.എസ് സപ്ലിമെന്ററി പരീക്ഷയും ഫെബ്രുവരിയിലെ വാർഷികപരീക്ഷയും നീളും. മെഡിക്കൽ കോഴ്സിന് പ്രാക്ടിക്കൽ, ക്ലിനിക്കൽ പരിശീലനം നിർബന്ധമായതിനാൽ ഓൺലൈൻ ക്ലാസ് മാത്രം നൽകി പരീക്ഷനടത്താനാവില്ല. കോളേജുകൾ തുറന്നാലേ പരീക്ഷനടത്താനാവൂ. വിജയിക്കാൻ തിയറിക്കും പ്രാക്ടിക്കലിനും 50ശതമാനം വീതം വേണം. പരീക്ഷയില്ലാതെ പാസാക്കാൻ മെഡിക്കൽ, നഴ്സിംഗ്, ഡന്റൽ കൗൺസിലുകൾ അനുവദിക്കില്ല

കേരള

സർവകലാശാല

പരീക്ഷ നടത്താതെ വിജയിപ്പിക്കാനാവില്ല. ഇക്കൊല്ലത്തെ രണ്ട് സെമസ്റ്റർ പരീക്ഷകളും വൈകിയാലും നടത്തും. മുൻസെമസ്റ്ററുകളിലെ ഗ്രേഡുപയോഗിച്ച് പ്രൊമോഷൻ നൽകില്ല. പ്രാക്ടിക്കലുള്ളതിനാൽ കോളേജുകൾ തുറക്കാതെ സയൻസ് വിഷയങ്ങളിൽ പരീക്ഷ പറ്രില്ല. അവസാനസെമസ്റ്റർ ഒഴിച്ചുള്ള പ്രാക്ടിക്കൽ അടുത്ത സെമസ്റ്ററിലേക്ക് മാറ്റാൻ ശുപാർശയുണ്ട്. ഓൺലൈൻ പരീക്ഷ നടത്താനുള്ള

സാങ്കേതിക സംവിധാനമില്ല. അവസാന സെമസ്റ്റർ പരീക്ഷകൾ പൂർത്തിയാക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണായതിനാൽ തിരുവനന്തപുരം നഗരത്തിൽ പി.ജി പരീക്ഷ നടത്താനായിട്ടില്ല. ചോദ്യപേപ്പർ മാറിപ്പോയതിനാൽ വിമൻസ് കോളേജിൽ നടത്തേണ്ട ഒരു പരീക്ഷ 14ന് നടത്താൻ കളക്ടർ അനുമതിനൽകി.

പരീക്ഷാനടത്തിപ്പിന് സർവകലാശാലകൾക്ക് തീരുമാനമെടുക്കാം. കൊവിഡ് സാഹചര്യം വിലയിരുത്തിയേ നടപടികളുണ്ടാവൂ. "

-ഉഷാടൈറ്റസ്

ഉന്നതവിദ്യാഭ്യാസ സെക്രട്ടറി