chennithala

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷന്റെയും ഒ.എം.ആർ ഷീറ്റിന്റെയും വിശ്വാസ്യത സർക്കാർ നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഒ.എം.ആർ പ്രിന്റ് ചെയ്ത സർക്കാർ പ്രസിൽ നിന്ന് അതിന്റെ രഹസ്യകോഡുകൾ ചോർന്നെന്നാണ് ആക്ഷേപം. 20 ലക്ഷം ഷീറ്റുകളാണ് പ്രിന്റ് ചെയ്തത്. സംഭവം വെറുമൊരു ജീവനക്കാരന്റെ സസ്‌പെൻഷനിൽ ഒതുക്കാനാണ് ശ്രമം. ഇതിന് ഉത്തരവാദികളായവരെ ക്രിമിനൽ കേസെടുത്ത് നിയമത്തിനുമുന്നിൽ കൊണ്ടുവരണം. പ്രിന്റിംഗ് ഡയറക്ടർ ഉൾപ്പെടെയുള്ളവരെ മാറ്റിനിറുത്തി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിച്ച് പി.എസ്.സിയുടെയും സർക്കാർ പ്രസിന്റെയും വിശ്വാസ്യത വീണ്ടെടുക്കണം. മുഖ്യമന്ത്രിയുടെ വകുപ്പാണ് പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി. ഒ.എം.ആർ ഷീറ്റിൽ ഉൾപ്പെടുത്തേണ്ട രഹസ്യസ്വഭാവമുള്ള വിവരങ്ങളും ഫയലുകളും ഷീറ്റ് പ്രിന്റു ചെയ്ത സർക്കാർ പ്രസിലെ കമ്പ്യൂട്ടറിൽനിന്നു തിരിച്ചെടുക്കാനാകാത്ത വിധം നശിച്ചുപോയെന്ന പേരിൽ പ്രസിലെ ഒരു ബൈൻഡറെ സസ്‌പെൻഡ് ചെയ്തതുകൊണ്ട് പ്രശ്നം അവസാനിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.