അഞ്ചൽ : ഗൃഹനാഥനെ കുത്തികൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെകൂടി അഞ്ചൽ സി.ഐ. എൽ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയതു. അസുരമംഗലം ഷെമീർ മൻസിലിൽ സെനീർ (32) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് ഇടമുളയ്ക്കൽ നെടുങ്ങോട്ടുകോണം വേട്ടാംമ്പളളി മേലതിൽവീട്ടിൽ സാംസനെ മകളുടെ ഭർത്താവായ സജീർ കുത്തികൊലപ്പെടുത്തിയത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഒളിച്ചുവയ്ക്കാൻ ശ്രമിച്ചതിനാണ് സെനീറിനെ അറസ്റ്റുചെയ്തതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് എത്തിയതറിഞ്ഞ് ഓടി രക്ഷപെടാൻ ശ്രമിച്ച സെനീറിനെ അഞ്ചൽ സി.ഐ. പിറകെ ഓടി പിടികൂടുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ. എൽ. അനിൽകുമാർ പറഞ്ഞു.