mathayi

പത്തനംതിട്ട:ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ഫാം ഉടമയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണ ഭാഗമായി ഡമ്മി പരീക്ഷണം നടത്തി. കേസിന്റെ അന്വേഷണം ശരിയായ വഴിക്കല്ലെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കുന്നതിന് വീട്ടുകാരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരീക്ഷണം.
ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണിന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഫോറൻസിക് പൊലീസ് സർജനും രണ്ട് ഡോക്ടർമാരും തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബ് അസിസ്റ്റന്റ് ഡയറക്ടറും പത്തനംതിട്ട സയിന്റിഫിക് ഓഫീസറും അടങ്ങുന്ന സംഘമാണ് കിണറ്റിൽ ഡമ്മി പരീക്ഷണം നടത്തിയത്.സ്വാഭാവികമായി ഒരാൾ കിണറ്റിൽ വീഴുന്നതിലൂടെയും ആസ്വഭാവികമായുള്ള വീഴ്ചയിലൂടെയും മരണം സംഭവിക്കാവുന്നതിന്റെ വ്യത്യസ്ത സാദ്ധ്യതകൾ പ്രത്യകം പുനരാവിഷ്‌കരിച്ചാണ് പരീക്ഷണം നടത്തിയത്. പരീക്ഷണം സംബന്ധിച്ച കണ്ടെത്തലുകളുടെ വിശദമായ റിപ്പോർട്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഫോറൻസിക് പൊലീസ് സർജനിൽ നിന്നും തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നും ലഭ്യമാകുന്ന മുറയ്ക്ക് മരണത്തെ സംബന്ധിച്ച് വ്യക്തമായ നിഗമനത്തിലെത്താൻ കഴിയുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.നിലവിൽ കേസ് അന്വേഷിക്കുന്ന നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി:ആർ.പ്രദീപ്കുമാർ, സി ബ്രാഞ്ച് ഡിവൈ.എസ്.പി:ആർ.സുധാരകരൻ പിള്ള, പത്തനംതിട്ട ഡിവൈ.എസ്.പി:കെ.സജീവ്, ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി:ആർ.ജോസ് തുടങ്ങിയ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.