3

പോത്തൻകോട്: ബഹുനില കെട്ടിടത്തിന്റെ ഒന്നാംനിലയിൽ നിന്ന് വീണ് ടെക്സ്റ്റൈൽസ് ഉടമയ്‌ക്ക് ദാരുണാന്ത്യം. ജംഗ്‌ഷനിലെ സ്റ്റാർ ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഫാബുലസ് ഫാഷൻ ആൻഡ് സ്റ്റിച്ചിംഗ് സെന്റർ ഉടമയും പോത്തൻകോട് പതിപ്പള്ളിക്കോണം ഫാബുലസ് ഹൗസിൽ സന്തോഷിന്റെ ഭാര്യയുമായ ബിന്ദുവാണ് (45) മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 2.45നായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനായി കെട്ടിടത്തിലെ ബാൽക്കണിയിൽ നിന്ന് കൈകഴുകുന്നതിനിടെ അറുത്തുമാറ്റപ്പെട്ട ഇരുമ്പ് കൈവരിയിലൂടെ 25 അടി താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. ഗ്രൗണ്ട് ഫ്ലോറിലെ സിമന്റ് തറയിൽ തലകുത്തി വീണതിനെ തുടർന്ന് തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടം ഇങ്ങനെ

--------------------------------------

രണ്ടരഅടി വീതിയുള്ള ബാൽക്കണിയുടെ അറ്റത്ത് രണ്ടര അടി പൊക്കത്തിൽ ഇരുമ്പ് കൈവരി നിർമ്മിച്ചിരുന്നു. ആഴ്ചകൾക്ക് മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്ന അയിരൂപ്പാറ ഫാർമേഴ്‌സ് ബാങ്ക് മറ്റൊരു കെട്ടിടത്തിലേക്ക് മാറിയപ്പോൾ ബാങ്ക് ലോക്കറുകളും ഫർണിച്ചറുകളും താഴേക്കിറക്കാൻ ഇരുമ്പ് കൈവരിയുടെ ഭാഗം മുറിച്ചുമാറ്റിയിരുന്നു. സാധനങ്ങൾ പുറത്തെത്തിച്ച ശേഷം ഇരുമ്പ് കൈവരി പഴയപടി വെൽഡിംഗ് നടത്തി ഉറപ്പിക്കുകയും ചെയ്‌തു. എന്നാൽ കോലിയക്കോട് പ്രവർത്തിച്ചിരുന്ന മറ്റൊരു സഹകരണസംഘം ഈ സ്ഥലം വാടകയ്ക്ക് എടുക്കുകയും അവരുടെ ബാങ്ക് ലോക്കറുകളും മറ്റും മുകളിലേക്ക് കയറ്റാൻ വീണ്ടും ഇരുമ്പ് കൈവരി അറുത്തുമാറ്റി. സാധനങ്ങൾ മുകളിലെത്തിച്ച ശേഷം കൈവരി വെൽഡിംഗ് നടത്താതെ അതേ സ്ഥലത്ത് ചാരിവയ്‌ക്കുകയായിരുന്നു. ഇതറിയാതെ കൈകഴുകുമ്പോഴാണ് ബിന്ദു അപകടത്തിൽപ്പെട്ടത്. എന്നാൽ അപകടം നടന്ന് അരമണിക്കൂറിനുള്ളിൽ തൊഴിലാളികളെ എത്തിച്ച് ഇരുമ്പ് കൈവരി വെൽഡിംഗ് ചെയ്‌ത് പുനഃസ്ഥാപിച്ച ഗുരുതര സംഭവം കൂടി ഉണ്ടായതോടെ ഉത്തരവാദികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പോത്തൻകോട് എസ്.ഐ അജീഷ് പറഞ്ഞു.

ഉച്ചയ്‌ക്കെത്തിയത് ഭർത്താവിനുള്ള ഭക്ഷണവുമായി

-----------------------------------------------------------------------

ബിന്ദുവും ഭർത്താവ് സന്തോഷും ചേർന്നാണ് കഴിഞ്ഞ 15 വർഷമായി സ്ഥാപനം നടത്തുന്നത്. 18 തയ്യൽ തൊഴിലാളികളും ഇവിടെ ജോലിചെയ്യുന്നുണ്ട്. ഇന്നലെ രാവിലെ ഇരുവരും ഒന്നിച്ചാണ് കടയിലെത്തിയത്. ഉച്ചയ്‌ക്ക് വീട്ടിലേക്ക് പോയ ബിന്ദു, പ്രായമായ മാതാപിതാക്കൾക്ക് ഭക്ഷണം നൽകിയ ശേഷമാണ് ഭർത്താവിനും തനിക്കുമുള്ള ഭക്ഷണവുമായി കടയിലെത്തിയത്. രണ്ടുമാസം മുമ്പ് വിവാഹിതയായ അപർണ ഏക മകളാണ്. മരുമകൻ: ജിജോ കുര്യൻ.