തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെ അസഭ്യവർഷത്തിൽ പൂണ്ട് വിളയാടുന്നവരാണ് പ്രതിപക്ഷ പാർട്ടി അണികളെന്നും, പ്രതിപക്ഷനേതാവ് അവരോട് പറഞ്ഞില്ലെങ്കിലും സ്വന്തം പാർട്ടിയിലെ ജനപ്രതിനിധികളോടെങ്കിലും സമൂഹമാദ്ധ്യമങ്ങളിൽ മാന്യമായി ഇടപെടാൻ ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സൈബർ ഇടങ്ങളിലൂടെ സി.പി.എമ്മുകാർ മറ്റുള്ളവരെ ചിത്രവധം ചെയ്യുകയാണെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വനിതാ മാദ്ധ്യമപ്രവർത്തകർക്കെതിരെ കോൺഗ്രസുകാരിൽ നിന്നുണ്ടായ സൈബർ ആക്രമണങ്ങളുംഎടുത്തുപറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
ഒരാൾക്കുമെതിരെ വ്യക്തിപരമായ ഒരാക്രമണവുമുണ്ടാകരുതെന്ന് തന്നെയാണ് തന്റെ വ്യക്തിപരമായ നിലപാട്. സൈബർ ഇടമായാലും മാദ്ധ്യമ ഇടമായാലും എല്ലാ കാലത്തും ഈ നിലപാട് തന്നെ.ഉത്തരവാദിത്വം നല്ല നിലയിൽ നിറവേറ്റാൻ ശ്രമിക്കുന്ന മന്ത്രിയെന്ന് പൊതുസമൂഹത്തിൽ അഭിപ്രായമുള്ള ശൈലജയെ അസഹിഷ്ണുത കൊണ്ട് ഡാൻസറെന്ന് വിളിച്ചത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നയാളല്ലേ. കെ.പി.സി.സി പ്രസിഡന്റ് പദവി അത്ര ചെറിയ സ്ഥാനമല്ലല്ലോ.
'പ്രതിപക്ഷ നേതാവ് ഒന്നും കാണുന്നില്ല,കേൾക്കുന്നില്ല"
പ്രതിപക്ഷ നേതാവ് ഒന്നും കാണുകയും കേൾക്കുകയും ചെയ്യുകയും ചെയ്യുന്നില്ലെന്നാണ് തോന്നുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തുടക്കത്തിൽ 3 കൊവിഡ് ടെസ്റ്റുകൾ നെഗറ്റീവായ ശേഷമേ ആളുകളെ വീട്ടിലേയ്ക്ക് അയച്ചിരുന്നുള്ളൂവെന്നും, ഇപ്പോൾ ഒരു ടെസ്റ്റ് നെഗറ്റീവായാൽ പറഞ്ഞു വിടുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരം പുതിയ ഡിസ്ചാർജ് പോളിസി കൊണ്ടുവന്ന കാര്യം ഞാൻ വ്യക്തമാക്കിയതാണ്. അപ്പോഴാണ്, താനെന്തോ പുതിയ കാര്യം കണ്ടുപിടിച്ചെന്ന മട്ടിൽ സർക്കാരിനെതിരെ ആരോപണവുമായി വരുന്നത്.
സംസ്ഥാനത്ത് തുടക്കത്തിൽ രണ്ടും മൂന്നും അതിലധികവും ടെസ്റ്റുകൾ നടത്തിയാണ് രോഗികളെ ഡിസ്ചാർജ് ചെയ്തിരുന്നത്. ഇംഗ്ലണ്ടിൽ നിന്നു വന്ന ആറന്മുള സ്വദേശിയെ 22 തവണ ടെസ്റ്റ് നടത്തി, 3 തവണ നെഗറ്റീവായ ശേഷം ഡിസ്ചാർജ് ചെയ്തു. 41 ദിവസമാണ് ആശുപത്രിയിൽ ചികിത്സിച്ചത്. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശിനി വീട്ടമ്മ കൊവിഡ് മുക്തയായി വീട്ടിലേക്ക് മടങ്ങിയത് 48 ദിവസങ്ങൾക്ക് ശേഷമാണ്. മറ്റു സംസ്ഥാനങ്ങളിൽ മിക്കതിലും രോഗികളെ അഡ്മിറ്റ് ചെയ്ത ശേഷം 10 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങൾ കുറഞ്ഞാൽ വീട്ടിലേയ്ക്ക് പറഞ്ഞു വിടുകയാണ്. ഇത്രയും കേസുകൾ കൂടിയിട്ടും ഫലം നെഗറ്റീവാകാതെ കേരളത്തിൽ ഒരു രോഗിയേയും ഡിസ്ചാർജ് ചെയ്യുന്നില്ല. ഇതിന്നലെ വാർത്താസമ്മേളനത്തിൽ ഞാൻ വ്യക്തമായിയതാണ്. അതു കേൾക്കാത്ത മട്ടിൽ, ഞാനെന്തോ നുണ പറഞ്ഞെന്ന് വരുത്തിത്തീർക്കാൻ നോക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.