തിരുവനന്തപുരം :സമ്പർക്ക രോഗികളുടെ എണ്ണം കുറയുന്നില്ലെന്ന സ്ഥിരീകരണവുമായി ജില്ലയിലെ ഇന്നലത്തെ കൊവിഡ് കണക്കുകൾ. ജില്ലയിൽ 266 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 255 പേർക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെ. ഇന്നലെ ഒൻപത് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.180 പേർക്ക് നെഗറ്റീവായി.
പൂജപ്പുര ജയിലിലെ 59 തടവുകാർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ജയിലിലെ 100 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഒരു വിചാരണ തടവുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു. കെ.എസ് .ആർ.ടി.സി സെൻട്രൽ യൂണിറ്റിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഇയാൾ ഡ്യൂട്ടിക്കായി ഡിപ്പോയിൽ എത്തിയതിനാൽ അണുവിമുക്തമാക്കാൻ ഡിപ്പോ ഇന്ന് അടക്കും.
വട്ടിയൂർക്കാവ്,ശ്രീകാര്യം പൊലീസ് സ്റ്റേഷനുകൾ,പദ്മനാഭ സ്വാമി ക്ഷേത്രം,എസ്.എ.പി ക്യാമ്പ്,സിറ്റി എ,ആർ ക്യാമ്പ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന 5 പൊലീസുകാർക്ക് ഇന്നലെ നടത്തിയ ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവായി. മരിയനാട് 20 പേർക്ക് പരിശോധന നടത്തിയത്തിൽ 2 പേർക്കും തുമ്പയിൽ 50 പേർക്ക് പരിശോധന നടത്തിയതിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. പള്ളിപ്പുറം ക്യാമ്പിൽ 6 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 5 പേർ ക്യാമ്പിലെ ആശുപത്രിയിലും ഒരാൾ ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.
ആകെ നിരീക്ഷണത്തിലുള്ളവർ -19,783
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -16,205
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ-2,891
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -687
ഇന്നലെ നിരീക്ഷണത്തിലായവർ -646