
കോവളം: വെങ്ങാനൂരിൽ അവശനിലയിൽ കണ്ടെത്തിയ വൃദ്ധനെ കോവളം പൊലീസിന്റെ ഇടപെടലിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ നടപടിയായി. കഴിഞ്ഞ ദിവസമാണ് വെങ്ങാനൂർ പഴവിളയ്ക്ക് സമീപമുള്ള സുരേന്ദ്രനെ ( 70) ഇടത് കാലിൽ മാരകമായ മുറിവോടെ വെങ്ങാനൂരിലെ ചന്തയോട് ചേർന്നുള്ള മാലിന്യങ്ങൾ നിറഞ്ഞ ഷെഡിൽ അവശനിലയിൽ കണ്ടെത്തിയത്.
പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിൽ നിന്നും പൊലീസെത്തി വൃദ്ധന്റെ മക്കളുമായി ബന്ധപ്പെട്ടു. ഇയാളുടെ രണ്ടു ആൺ മക്കളിൽ ഒരാളായ അനിൽ നെടുമങ്ങാടും മറ്റൊരാളായ സുനിൽ വിഴിഞ്ഞത്തുമാണ് താമസമെന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ ഭാര്യ സരോജവുമായി വർഷങ്ങളായി അകന്ന് കഴിയുകയാണെന്നും ബന്ധുക്കൾക്ക് ഇക്കാര്യമെല്ലാം അറിയാമെന്നും പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. വർഷങ്ങളായി വെങ്ങാനൂരിലെ ചന്തയ്ക്കുള്ളിൽ ഇയാൾ കച്ചവടം നടത്തിയിരുന്നതായും രാത്രി സമയങ്ങളിൽ സമീപമുള്ള വെയ്റ്റിംഗ് ഷെഡിൽ തങ്ങിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. സുരേന്ദ്രന്റെ മക്കൾ ഇന്ന് എത്തിയതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കോവളം പൊലീസ് പറഞ്ഞു.