tripti-desai-will-be-stop

പാലക്കാട്: സി-ആപ്റ്റ് വഴി മന്ത്രി കെ.ടി. ജലീൽ കടത്തിയത് സ്വർണ കിറ്റാണെന്ന ബി.ജെ.പിയുടെ ആരോപണം തെളിയുന്നതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത കാര്യം നടന്നിട്ടും മുഖ്യമന്ത്രി എന്താണ് മിണ്ടാത്തതെന്ന് മനസിലാവുന്നില്ല. ജലീൽ രാജിവയ്ക്കാൻ ഇതിലും കൂടുതൽ എന്താണ് വേണ്ടതെന്ന് ബി.ജെ.പി പാലക്കാട് ജില്ലാ വെർച്വൽ റാലി ഉദ്ഘാടനം ചെയ്ത് അദ്ദേഹം ചോദിച്ചു.

ജലീൽ പറയുന്നത് പോലെ ഖുറാനാണ് പാഴ്സലിൽ ഉണ്ടായിരുന്നതെങ്കിൽ തന്നെ, വിദേശത്ത് നിന്നും മതഗ്രന്ഥങ്ങൾ ഇറക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. കേരളത്തിൽ ഖുറാൻ സുലഭമായി ലഭിക്കുമെന്നിരിക്കെ വിദേശത്ത് നിന്നെത്തിച്ചത് ഖുറാനല്ലെന്നത് സത്യം. കൈവെട്ട് കേസിലെ മതതീവ്രവാദികൾ വരെയുള്ളവരുമായുള്ള ജലീലിന്റെ ലിങ്കാണ് സി-ആപ്റ്റിൽ നിന്നും കിറ്റ് മൂവാറ്റുപുഴയിലും എടപ്പാളിലും എത്താൻ കാരണം.

വടക്കാഞ്ചേരിയിൽ ലൈഫിന്റെ ഫ്ളാറ്റ് സമുച്ചയം പണിയുന്നതിന് സ്വപ്നയും ശിവശങ്കറും ഒരു കോടി കമ്മിഷൻ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ലൈഫിന് പണം നൽകിയ വിദേശ സംഘടനയായ റെഡ്‌ക്രെസന്റിലെ ചിലർ മുഖ്യമന്ത്രിയുടെ അടുപ്പക്കാരാണെന്നും സുരേന്ദ്രൻ പറഞ്ഞു.