തിരുവനന്തപുരം:ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷനുള്ള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ സർക്കാർ ഗാരണ്ടി തുക 30 കോടിയിൽ നിന്ന് 100 കോടിയാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കിൻഫ്രയുടെ കൊച്ചി- ബംഗളുരു ഇൻഡസ്ട്രിയൽ കോറിഡോർ പദ്ധതിക്ക് പാലക്കാട് ജില്ലയിൽ 1800 ഏക്കർ ഏറ്റെടുക്കാൻ സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ യൂണിറ്റും സ്‌പെഷ്യൽ തഹസിൽദാർ യൂണിറ്റും താൽകാലികമായി രൂപീകരിക്കും. ഭൂമി ഏറ്റെടുക്കുന്ന ചുമതല കിൻഫ്രയ്ക്കാണ്.
നെടുമ്പാശ്ശേരിയിലും കരിപ്പൂരിലും എല്ലാ ആഭ്യന്തര വിമാനങ്ങൾക്കും ഏവിയേഷൻ ഫ്യൂവലിന്മേൽ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് ഒരു ശതമാനമാക്കി 10 വർഷത്തേക്ക് കുറയ്‌ക്കും.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വി. രതീശന് ലാൻഡ് ബോർഡ് സെക്രട്ടറിയുടെ അധിക ചുമതല നൽകി.
വി. ജയകുമാരൻ പിള്ളയെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മാനേജിംഗ് ഡയറക്ടറായി പുനർനിയമിച്ചു.
കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്ഥിരം തസ്തിക സൃഷ്ടിച്ചു.
ഇടുക്കി, കരിപ്പൂർ ദുരന്തം:ധനസഹായം
ഇടുക്കി പെട്ടിമുടിയിൽ മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ചികിത്സാ ചിലവും അനുവദിച്ചു. വിമാനാപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവരുടെ ചികിത്സാചിലവുമാണ് അനുവദിച്ചത്.