കൊല്ലം: ആശ്രാമം മൈതാന പരിസരങ്ങളിൽ നിന്ന് പലപ്പോഴായി ചന്ദന മരങ്ങൾ മുറിച്ചുകടത്തിയ സംഘത്തിലെ നാല് പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ ഷാനിഫാ മൻസിലിൽ ഷഹനാസ് (35), തഴുത്തല പള്ളിവടക്കതിൽ വീട്ടിൽ അൽബാഖാൻ (36), നെടുമ്പന ഇടപ്പാൻത്തോട് മുണ്ടയ്ക്കാവ് അൻസിയ മൻസിലിൽ അൻവർ (29), കണ്ണനല്ലൂർ കുരിശടിമുക്ക് ഷാഫി മൻസിൽ മുഹമ്മദ് ഷാഫി (35) എന്നിവരാണ് പിടിയിലായത്.
ചന്ദനമരങ്ങളുടെ മോഷണം പതിവായതോടെ ഈസ്റ്റ് പൊലീസ്, ഡാൻസാഫ് സംഘം, സൈബർ സെൽ എന്നിവർ ചേർന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. ആശ്രാമം ചിൽഡ്രൻസ് പാർക്ക്, അഡ്വഞ്ചർ പാർക്ക്, ഗവ. ഗസ്റ്റ് ഹൗസ്, ആശ്രാമം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നാണ് തുടർച്ചയായി മരങ്ങൾ മോഷണം പോയത്.
പിടിയിലായവരിൽ നിന്ന് 540 കിലോ ചന്ദന തടികൾ, മരം മുറിക്കാൻ ഉപയോഗിച്ച കട്ടർ, വാൾ, വെട്ടുകത്തി, മഴു, കോടാലി തുടങ്ങിയവ പിടിച്ചെടുത്തു. ഈസ്റ്റ് സി.ഐ എ. നിസാർ, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആർ. ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.