തിരുവനന്തപുരം: യു.എ.ഇ നയതന്ത്ര ചാനലിലൂടെ എത്തിച്ച പാഴ്സൽ മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്റ്റിന്റെ ലോറിയിൽ മലപ്പുറത്തെത്തിച്ചതിൽ അന്വേഷണം മുറുക്കി കസ്റ്റംസ്. നയതന്ത്ര ചാനലിൽ മതഗ്രന്ഥം കൊണ്ടുവന്നതും, മന്ത്രിയുടെ ഒത്താശയോടെ വിതരണം ചെയ്തതും വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കോൺസുലേറ്റ് ജനറലുമായി നേരിട്ട് ഇടപെട്ടതുമാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ജലീൽ പ്രോട്ടോക്കോൾ ലംഘനം നടത്തിയത് കേന്ദ്രസർക്കാരും അന്വേഷിക്കുന്നുണ്ട്. യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്തതിലും ചട്ടലംഘനമുണ്ട്. സ്വർണക്കടത്ത് കേസ് പ്രതികളുടെ ഫോൺ വിശദാംശങ്ങൾ നൽകാത്തതിന് ബിഎസ്എൻഎൽ ജനറൽ മാനേജർക്കും കസ്റ്റംസ് നോട്ടിസയച്ചു. മന്ത്രി ജലീലിന്റെ ഫോൺ വിവരങ്ങളും കസ്റ്റംസ് തേടിയെന്നാണ് വിവരം.
മാർച്ച് നാലിന് കോൺസുലേറ്റ് ജനറലിന്റെ പേരിലുള്ള നയതന്ത്ര ബാഗിലൂടെ ആറായിരം മതഗ്രന്ഥം എത്തിച്ചെന്നാണ് സ്വപ്നയയുടെ മൊഴി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സി-ആപ്റ്റിന്റെ ഓഫിസിലെത്തിച്ചെന്നും അവർ വെളിപ്പെടുത്തി. മതഗ്രന്ഥമെന്ന പേരിൽ 4479കിലോ കാർഗോ ഇറക്കിയതിന് ഡ്യൂട്ടിയിളവ് നൽകാൻ സർക്കാർ അനുവദിച്ചോയെന്ന് കണ്ടെത്താനാണ് പ്രോട്ടോക്കോൾ ഓഫീസറിൽ നിന്ന് വിവരങ്ങൾ തേടിയത്.
ദുരൂഹതകൾ
*നയതന്ത്ര ബാഗിൽ എന്തെല്ലാം സാധനങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന കോൺസുലേറ്റിന്റെ അപേക്ഷയിൽ പ്രോട്ടോകോൾ ഓഫീസർ ഒപ്പിട്ടാലേ ഡ്യൂട്ടിയിളവ് നൽകാനാവൂ.
*നയന്ത്ര പാഴ്സൽ വഴി മതഗ്രസ്ഥങ്ങൾ കൊണ്ടുവരാനോ അതിന് സംസ്ഥാനത്തിന് നികുതി ഇളവിന് സാക്ഷ്യപത്റം നൽകാനോ ചട്ടപ്രകാരം കഴിയില്ല
*4479 കിലോ ഭാരമുള്ള നയതന്ത്ര ബാഗിൽ ആറായിരം മതഗ്രന്ഥമുണ്ടായിരുന്നെന്ന വാദം ശരിയാണോയെന്ന് കണ്ടെത്തണം