treasury-fraud

തിരുവനന്തപുരം: വഞ്ചിയൂർ അഡിഷണൽ സബ് ട്രഷറിയിലെ വെട്ടിപ്പിനെ തുടർന്ന് വകുപ്പ് തല അന്വേഷണം നടത്തിയ സമിതിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സ്പെഷ്യൽ ഓഫീസറെ നിയമിച്ച് ധനവകുപ്പ് ഉത്തരവായി.

ധനവകുപ്പിലെ ഐ.ടി ‌‌‌ഡിവിഷൻ ഇൻഫർമേഷൻ സിസ്റ്രം ഡയറക്ടർ കോശി വൈദ്യനെയാണ് നിയമിച്ചത്. ട്രഷറികളിലെ സോഫ്റ്ര് വെയറിന്റെ സുരക്ഷാ സംവിധാനം ആറുമാസത്തിനുള്ളിൽ പുനസംഘടിപ്പിക്കാനാണ് നിർദ്ദേശം. അന്വേഷണ കമ്മിറ്റി നിർദ്ദേശിച്ചതുപോലെ സർവീസിൽ നിന്ന് വിരമിക്കുന്നവരുടെയും സ്ഥലം മാറുന്നവരുടെയും നടപടിയെടുക്കപ്പെടുന്നവരുടെയും ലീവെടുക്കുന്നവരുടെയും പാസ് വേഡ് മരവിപ്പിക്കണം. ഇതിനുള്ള സംവിധാനം സോഫ്റ്റ് വെയറിൽ ഉണ്ടാക്കണം. ഡാഷ് ബോർഡിൽ ഇതുസംബന്ധിച്ച അലെർട്ടുകൾ നൽകണം. ലോഗിൻ ചെയ്യാൻ ബയോ മെട്രിക് അല്ലെങ്കിൽ ​ ആധാർ ഉപയോഗിക്കുന്ന സംവിധാനമുണ്ടാക്കണം. ട്രഷറി വകുപ്പിലെ ഫങ്ഷണൽ,​ പെർഫോമൻസ് ,​സെക്യൂരിറ്റി ഓ‌ഡിറ്രുകൾ ഉടൻ നടത്തണം.

അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്രി അംഗങ്ങളും ട്രഷറി ഡയറക്ടറുമായി ആലോചിച്ച് പരിഹാര നടപടികൾ സ്വീകരിക്കാനും സ്പെഷ്യൽ ഓഫീസറോട് നിർദ്ദേശിച്ചിട്ടുണ്ട്. സോഫ്റ്റ് വെയറിൽ ലോഗിൻ ചെയ്യാനും ഡീ ആക്ടിവേറ്റ് ചെയ്യാനും ഉൾപ്പെടെയുള്ള പുതിയ നിർദ്ദേശങ്ങൾ,​ എസ്.ഒ.പികൾ ഇവരുടെ സഹായത്താൽ സ്പെഷ്യൽ ഓഫീസർ തയ്യാറാക്കണം.