covid

തിരുവനന്തപുരം: ശമ്പളമില്ലാതെ കൊവിഡ് രോഗികളെ ചികിത്സിച്ചു വന്ന 1100 യുവഡോക്ടർമാർക്ക് ശമ്പളം നൽകാൻ 13.38 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മാസമ്പളം 42,000 രൂപ വച്ച് കുടിശികയുൾപ്പെടെ നൽകാനാണിത്.

മൂന്ന് മാസമായി ശമ്പളമില്ലാതെ ജോലി ചെയ്ത ഇവരുടെ ദുരവസ്ഥയെപ്പറ്റി ' 1100 ഡോക്ടർമാർക്ക് 3 മാസമായി ശമ്പളമില്ല' എന്ന തലക്കെട്ടിൽ കേരളകൗമുദി ഇന്നലെ വാർത്ത നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ഇടപെട്ട് തുക അനുവദിക്കുകയായിരുന്നു.

അടിയന്തര ഘട്ടത്തിൽ താത്കാലികമായി നിയോഗിച്ച ജൂനിയർ ഡോക്ടർമാരാണ് മൂന്ന് മാസമായി ശമ്പളമില്ലാതെ ജോലി ചെയ്‌തത്. ഈവർഷം സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്ന് എം.ബി.എസും ഹൗസ്‌ സർജൻസിയും കഴിഞ്ഞ് താത്കാലികമായി ജോലിയിൽ പ്രവേശിച്ചവരാണിവർ.

കൈയിൽ നിന്ന് പണം മുടക്കി ഇനിയും ഡ്യൂട്ടിക്കെത്താനാവില്ലെന്ന് പി.പി.ഇ കിറ്റ് ധരിച്ച ഒരു വനിതാ ഡോക്ടർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പരാതി പറഞ്ഞിരുന്നു. അതിൻെറ ഗൗരവം കണ്ട് കേരളകൗമുദി വാർത്ത നൽകുകയായിരുന്നു.