treasury

തിരുവനന്തപുരം: വഞ്ചിയൂർ അഡിഷണൽ സബ് ട്രഷറിയിൽ നിന്നും പണം തട്ടിയെടുത്ത കേസിലെ പ്രതി എം.ആർ ബിജുലാലുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു.

ഇയാളുടെ ബാലരാമപുരം പയറ്റുവിളയിലെ കുടുംബവീട്ടിലും, ബന്ധുവീടുകളിലുമാണ് തെളിവെടുപ്പ് നടത്തിയത്. ട്രഷറിയിൽ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ചാണ് കുടുംബവീട് പുനർനിർമിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ബാങ്ക് ഇടപാടുകളിൽ നിന്നും ഇതിനുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.
പയറ്റുവിളയിലെ കുടുംബവീട്ടിൽ പ്രതിയുമായി മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചെലവിട്ടു. ഉച്ചയോടെ കരമനയിലെ വാടക വീട്ടിലെത്തിച്ചു. വഴയിലയിലുള്ള സഹോദരിയുടെ വീട്ടിലും പ്രതിയെ എത്തിക്കും. തെളിവെടുപ്പിന് വെള്ളിയാഴ്ചവരെ പൊലീസിന് കോടതി സാവകാശം അനുവദിച്ചിട്ടുണ്ട്.
ട്രഷറി മുൻ ഓഫീസറുടെ യൂസർ നെയിമും പാസ്‌വേർഡും തട്ടിയെടുത്താണ് ഇയാൾ ക്രമക്കേട് നടത്തിയത്. തട്ടിയെടുത്തതിൽ 74 ലക്ഷം രൂപ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. ശേഷിക്കുന്ന തുക ബിജുലാലിന്റെ അക്കൗണ്ടിൽ നിന്നുതന്നെ കണ്ടെത്തി. ഇതുപയോഗിച്ച് ഭാര്യക്ക് സ്വർണവും, സഹോദരിക്ക് സ്ഥലം വാങ്ങാൻ അഡ്വാൻസും നൽകിയതായി ബിജുലാൽ പൊലീസിനോട് പറഞ്ഞു. . വഞ്ചിയൂർ ട്രഷറിയിലും, വിവിധ ബാങ്കുകളിലും ബിജുലാലിനെ തെളിവെടുപ്പിനെത്തിക്കും.