തിരുവനന്തപുരം: പുജപ്പുര സെൻട്രൽ ജയിലിലെ 59 തടവുകാർക്ക് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ഒരു ബ്ലോക്കിലെ 99 പേരെ പരിശോധിച്ചപ്പോഴാണ് 59 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. നിലവിൽ 1048 തടവുകാരാണ് ജയിലിൽ ഉള്ളത്.
ചൊവ്വാഴ്ച രോഗലക്ഷണം പ്രകടിപ്പിച്ച 71കാരനായ റിമാൻഡ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് അയാൾ താമസിച്ചിരുന്ന ബ്ലോക്കിലെ എല്ലാ തടവുകാർക്കും ആന്റിജൻ ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്. രോഗബാധിതരെ താത്കാലികമായി ജയിലിലെ ആഡിറ്റോറിയത്തിലേക്ക് മാറ്റി. ജയിലിനുള്ളിൽ തന്നെ സി.എഫ്.എൽ.ടി.സി. സജ്ജമാക്കി രോഗബാധിതരെ അവിടേക്ക് മാറ്റും. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് വരും ദിവസങ്ങളിൽ ജയിലിലെ മുഴുവൻ അന്തേവാസികൾക്കും പരിശോധന നടത്തും.