തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന എൻജിനിയർ ജി.പി പ്രദീപ്കുമാറിനെ ആ ചുമുതലയിലും ചീഫ് ഓഫീസിലും നിന്ന് മാറ്റി.സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്.
ഇയാൾ ചുമതല വഹിച്ചിരുന്ന കാലഘട്ടത്തിലെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ ധനകാര്യവിഭാഗം ചെയർമാനായി പ്രത്യേക സമിതിയെ നിയോഗിച്ചു. ബസ് കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളും, സ്വകാര്യ ഓയിൽ കമ്പനിയുമായി ചർച്ച നടത്തിയതുമാണ് ആരോപണത്തിന് ഇടയാക്കിയത്.
അതേ സമയം പരസ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിക്ക് സമ്പത്തിക നേട്ടമുണ്ടാക്കുന്ന വിധത്തിൽ നടപടിയെടുത്തുവെന്ന ആരോപണം നിലനിൽക്കുന്ന കസ്റ്റമർ റിലേഷൻ മാനേജരായിരുന്ന പ്രതാപ് ദേവിനെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം മേധാവിയായി സ്ഥാനക്കയറ്റം നൽകി. ഇയാൾ മാദ്ധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച് സംസാരിച്ചെന്ന പരാതിയുമുണ്ട്.യോഗ്യതയുള്ള മറ്റു ഉദ്യോഗസ്ഥരില്ലാത്തതിനാണ് ഇദ്ദേഹത്തിന് നിയമനം നൽകിയതെന്നാണ് മാനേജ്‌മെന്റിന്റെ വാദം. ഭരണസമിതിയിലെ ഇടതുപക്ഷ നേതാവാണ് സ്ഥലംമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്ന ജനറൽ സെഷന്റെ തലപ്പത്തേയ്ക്ക് ഇദ്ദേഹത്തെ നിർദേശിച്ചത്.