chunakkara

തിരുവനന്തപുരം: ചലച്ചിത്ര ഗാനരചയിതാവും കവിയുമായ ചുനക്കര രാമൻകുട്ടി (84) അന്തരിച്ചു. ഇന്നലെ രാത്രി 11ഒാടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആറു ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു. തിരുമല രേണുകാ നിവാസിൽ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്.സംസ്‌കാരം കൊവിഡ് പരിശോധനകൾക്ക് ശേഷം പിന്നീട്. പരേതയായ തങ്കമ്മയാണ് ഭാര്യ, മക്കൾ: രേണുക, രാധിക,രാഗിണി. മരുമക്കൾ: സി.അശോക് കുമാർ(റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്),പി.ടി സജി(മുംബെയ് റെയിൽവെ) കെ.എസ്.ശ്രികുമാർ (സി.ഐ.എഫ്.ടി)

1936 ജനുവരി 19ന് മാവേലിക്കര ചുനക്കര ക്യാരാട്ടിൽ വീട്ടിൽ കൃഷ്ണന്റെയും നാരായണിയുടെയും മകനായണ് രാമൻകുട്ടിയുടെ ജനനം. പന്തളം എൻ.എസ്.എസ് കോളേജിൽനിന്നും മലയാളത്തിൽ ബിരുദം നേടി. സിനിമ,​നാടകം,​ലളിതഗാനം എന്നിങ്ങനെയായി അഞ്ഞൂറോളം ഗാനങ്ങളെഴുതി.1978ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്‌സരകന്യക എന്ന ഗാനം എഴുതികൊണ്ടാണ് സിനിമാലോകത്തേക്ക് പ്രവേശിച്ചത്. 'ഒരു തിര പിന്നെയും തിര' എന്ന പി.ജി വിശ്വംഭരൻ സിനിമയിലെ ചുനക്കരയുടെ ഗാനങ്ങൾ ഹിറ്റായി.ആകാശവാണിക്ക് വേണ്ടിയും നിരവധി ഗാനങ്ങളെഴുതി.കൊല്ലം അസീസി മലങ്കര തീയറ്റേഴ്സ്,കൊല്ലം ഗായതി,കേരള തീയറ്റേഴ്സ് നാഷണൽ തീയറ്റേഴ്സ് തുടങ്ങിയ സമിതികൾക്ക് വേണ്ടിയും ഗാനങ്ങളെഴുതി. ഇതിനിടെ മലയാളനാടകവേദിയെന്ന പേരിൽ നാടകസമിതി ആരംഭിച്ചു.പിന്നീട് വ്യവസായ വകുപ്പിൽ ജോലി കിട്ടിയതിന് തുടർന്ന് തിരുവനന്തപുരത്തേക്ക് വന്നു. 2015 ൽ സംഗീത നാടക അക്കാഡമി ഗുരുശ്രേഷ്ഠ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.