കല്ലമ്പലം: ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഒരു സംഘം ആക്രമിച്ചതായി പരാതി. നാവായിക്കുളം മേഖലാ ജോയിന്റ് സെക്രട്ടറി ഹരിലാൽ, വിമൽ എന്നിവർക്ക് നേരെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഞായറാഴ്ച രാത്രിയിൽ നാവായിക്കുളം നൈനാംകോണം തോട്ടിന് സമീപം സാമൂഹ്യ വിരുദ്ധരുടെ മദ്യപാനം ഹരിലാൽ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്ന് ഹരിലാൽ കല്ലമ്പലം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മാരകായുധങ്ങളുമായാണ് സംഘം ആക്രമിച്ചത്. മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ ഹരിലാലിനെ മെഡിക്കൽ കോളേജിലും അക്രമം തടയുന്നതിനിടെ നിസാര പരിക്കേറ്റ വിമലിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.