കല്ലമ്പലം: ബന്ധുക്കൾ ഉപേക്ഷിച്ച വയോധികന് പഞ്ചായത്തംഗം തുണയായി. ചെമ്മരുതി പഞ്ചായത്ത് ചാവടിമുക്ക് പതിനെട്ടാം വാർഡിൽ വിജയകുമാറാണ് ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് എഴുന്നേറ്റ് നടക്കാൻ കഴിയാതെ രോഗബാധിതനായി വീട്ടിനുള്ളിൽ ഭക്ഷണവും മരുന്നും ലഭിക്കാതെ അവശനിലയിൽ ഒറ്റപ്പെട്ടുപോയത്. രോഗിയായ വയോധികൻ ആരും നോക്കാനില്ലാതെ വീട്ടിനുള്ളിൽ പട്ടിണി കിടക്കുന്ന വിവരം നാട്ടുകാരിൽ നിന്നറിഞ്ഞ വാർഡ് മെമ്പർ ഗീതാകുമാരിയാണ് വിജയകുമാറിന് താങ്ങായ. ഭക്ഷണവും അത്യാവശ്യ മരുന്നുകളുമെത്തിച്ച ഗീതാകുമാരി വർക്കലയിലെ പുനർജ്ജനി പുനരധിവാസ കേന്ദ്രവുമായി ബന്ധപ്പെട്ട് വിജയകുമാറിനെ വീട്ടിൽ തന്നെ പരിചരിക്കാനും ഭക്ഷണവും മരുന്നും നൽകി സംരക്ഷിക്കാനും തീരുമാനിക്കുകയായിരുന്നു.
വിജയകുമാറിന്റെ സംരക്ഷണത്തിനായി സമീപവാസികളുടെ സംരക്ഷണ കൂട്ടായ്മ ഗീതാകുമാരിയുടെ നേതൃത്വത്തിൽ എടുക്കുകയും സംരക്ഷണ ചുമതല പുനർജ്ജനി പുനരധിവാസ കേന്ദ്രം ഡയറക്ടർ ഡോ. ട്രോസി ജയനെ ഏൽപ്പിക്കുകയും ചെയ്തു.