തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണ വിവാദത്തിൽ സി.പി.എമ്മിന് പരോക്ഷ മുന്നറിയിപ്പുമായി സി.പി.ഐ മുഖപത്രം. 'വിമർശകരുടെ തായ്‌വേര് ചികഞ്ഞ് സ്വന്തം അടിമണ്ണൊലിച്ചുപോകരുത് ' എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.
വിമർശനങ്ങൾക്ക് പാത്രമായവർ അതിലേക്ക് നയിച്ച സാഹചര്യത്തിൽ അവരുടെ പങ്കെന്താണെന്ന് പിന്തിരിഞ്ഞന്വേഷിക്കുന്നില്ലെന്ന് ഓർമ്മപ്പെടുത്തുന്നുണ്ട്. വിമർശിക്കുന്നവരുടെ തായ്‌വേര് അന്വേഷിക്കുന്നതിൽ രസംകൊള്ളുന്ന നേതൃത്വങ്ങളും അണികളും തങ്ങളുടെ അടിമണ്ണിളകിപ്പോകുന്നതിനേ അത് ഉപകരിക്കൂ എന്ന് ചിന്തിക്കുന്നില്ലെന്നും സി.പി.ഐ തുറന്നടിക്കുന്നു.
മുഖപ്രസംഗത്തിന്റെ ഭൂരിഭാഗവും മാദ്ധ്യമങ്ങൾക്കെതിരായ വിമർശനമാണ്. സ്വയം വിമർശനത്തിന് തയ്യാറാവുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും നിൽക്കാതെ തങ്ങളുടെ ശരിയിൽ കടിച്ചുതൂങ്ങുന്ന ശൈലി ആവർത്തിക്കപ്പെടുമ്പോൾ മാദ്ധ്യമധർമ്മം കാത്തുസൂക്ഷിക്കുന്നവരടക്കം സമൂഹത്തിന് അനഭിമതരായി തുടരേണ്ടിവരുന്ന അവസ്ഥയുണ്ടാകുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണ് ആണെന്ന ബോദ്ധ്യം നഷ്ടപ്പെടുകയോ തങ്ങൾ വിമർശനങ്ങൾക്കതീതരല്ല എന്ന തോന്നലുണ്ടാകുകയോ ചെയ്യുമ്പോഴാണ് മാദ്ധ്യമങ്ങളെ നിരീക്ഷിക്കാൻ ജനങ്ങൾ തയ്യാറാവുന്നത്. മാദ്ധ്യമങ്ങൾ സ്വയം സൃഷ്ടിച്ചെടുക്കുന്ന ആ ഇടത്തിൽ വിമർശനങ്ങൾ വന്ന് കുമിഞ്ഞുകൂടുകയും ചെയ്യും.