covid

നമ്മുടെ ജീവിതരീതി കുറെയെങ്കിലും മാറ്റിമറിക്കാൻ കൊവിഡിന് കഴിഞ്ഞിട്ടുണ്ട്. പഴയതു പോലെയല്ല പല മനുഷ്യരും ഇപ്പോൾ പ്രവർത്തിക്കുന്നത്. ഗുണകരമായി കുറേ തിരിച്ചറിവുകൾ മനുഷ്യർക്ക് ഉണ്ടായിട്ടുണ്ട്. എങ്കിലും ഇനിയും ചിലകാര്യങ്ങൾ ബോദ്ധ്യപ്പെടേണ്ടതുണ്ട്.

 ഒരു വ്യക്തിക്ക് തന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വ്യക്തിപരമായ ചില ഇടപെടലുകളാണ് വേണ്ടതെന്ന ധാരണ തെറ്റാണ്. ഒരാൾ വിചാരിച്ചാൽ ചില ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കുമെങ്കിലും പകർച്ചവ്യാധികളെ അകറ്റാൻ ഒരു സമൂഹം തന്നെ മുന്നിട്ടിറങ്ങേണ്ടതുണ്ടെന്ന ബോധമാണ് ആവശ്യമാണ്. വായുവും ജലവും പാർപ്പിടസൗകര്യവും കാലാവസ്ഥയും ഭക്ഷണവും സാമൂഹ്യ പരിസരവുമെല്ലാം നല്ലതായിരിക്കുമ്പോൾ മാത്രമേ പകർച്ചവ്യാധികളെ അകറ്റാൻ കഴിയൂവെന്നും അതിനായി താനും തന്റെ ചുറ്റിലുമുള്ളവരും ഒരുപോലെ കൂട്ടായി പ്രവർത്തിച്ച് ആരോഗ്യത്തോടെയിരുന്നേ മതിയാകൂ എന്ന ബോധ്യവും ആവശ്യമാണ്.

 ജീവിച്ചുപോകാൻ വലിയ സമ്പത്തൊന്നും വേണ്ട. സുഖമായി ജീവിക്കണമെങ്കിൽ മനസിനും ശരീരത്തിനും ആരോഗ്യമാണ് വേണ്ടത്.

രുചിയും നിറവും മണവും നല്ല ആകൃതിയിലുമുള്ള ഭക്ഷണത്തിന്റെ പുറകെ പായുന്നത് വെറുതെയാണെന്നും ഒരു മൂല്യവുമില്ലാതെ നമുക്ക് ചുറ്റിലും നിന്ന പലതിനും അവയേക്കാൾ മേന്മയുണ്ടെന്നും മനസിലാക്കുന്നതാണ് നല്ലത്.

 ഒരു പരിചയവുമില്ലാത്തവർ നമുക്ക് വേണ്ടി നിർമ്മിച്ചു നൽകുന്ന ഭക്ഷണം സുരക്ഷിതമായിരിക്കില്ലെന്നും പലതരം കൃത്രിമങ്ങൾ കാട്ടിയായാലും ലാഭമുണ്ടാക്കുക മാത്രമാണ് കച്ചവടക്കാരുടെ ലക്ഷ്യമെന്നും ബോധ്യപ്പെട്ടത് കൊണ്ടാകാം മുരിങ്ങയിലയ്ക്കും കപ്പളങ്ങയ്ക്കും (പപ്പായ) പോലും കൊവിഡ് കാലത്ത് നല്ല രുചിയുള്ളതായി തോന്നിയത്.

 കൂടുതൽ വിശ്രമവും ഉറക്കവും കിട്ടുന്നവർക്ക് ക്ഷീണവും രോഗവും വർദ്ധിക്കാനാണ് സാധ്യത. പാർട്ടി നടത്തലും ആഡംബരവുമില്ലെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്ന് തിരിച്ചറിയാൻ കൊവിഡ് കാലം സഹായിച്ചു.

ഒരു രോഗവുമില്ലെങ്കിലും ആഴ്ചയിൽ രണ്ടുദിവസമെങ്കിലും അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പോകണം ,ഡോക്ടറെ കാണണമെന്ന പലരുടെയും ടൈംടേബിൾ തെറ്റാണ്. ചുണങ്ങും ചൊറിയും താരനും മുട്ടുവേദനയും വലിയ കാര്യമല്ലെന്നും ബോദ്ധ്യം വന്നിട്ടുണ്ട്. ഡോക്ടറെ പോയി കണ്ടു വിവരം പറഞ്ഞില്ലെങ്കിൽ മരുന്ന് കിട്ടില്ലെന്ന രോഗിയുടെയും, നേരിൽ കണ്ടില്ലെങ്കിൽ ഇവിടെ മരുന്നില്ലെന്ന ഡോക്ടറുടെയും മനോഭാവം മാറണം. ഒരു പരിധിവരെ മാറിയിട്ടുമുണ്ട്. സ്വകാര്യ ആശുപത്രികൾ നോക്കുകുത്തികളായി.

യാഥാർഥ്യം എന്തെന്ന് അന്വേഷിക്കാതെ, ആശുപത്രിയിൽ പോയവരെ പോസിറ്റീവ് എന്നും തിരിച്ചു വന്നവരെ നെഗറ്റീവ് എന്നും വാട്സ് ആപ്പ് മെസ്സേജുകൾ അയച്ച് ആശയക്കുഴപ്പമുണ്ടാക്കരുത്.

മൂക്ക് വെളിയിൽ കാണിച്ചും താടിയിലിട്ടും ചെവിയിൽ തൂക്കിയും മാസ്‌ക്ക് ഇടരുത്. ഇട്ടിട്ട് കാര്യവുമില്ല.