പാറശാല: കൊവിഡ് വ്യാപനവും അടച്ചിടലും തകർത്ത പുഷ്പ വ്യാപാരം ഓണക്കാലത്തും കരകയറില്ലെന്ന ആശങ്കയിൽ വ്യാപാരികൾ. പൂക്കച്ചവടം നടത്തുന്ന ചെറുകിടക്കാരും മൊത്തവ്യാപാരികളും കഷ്ടത്തിലാണ്. ആദ്യഘട്ട ലോക്ക് ഡൗൺ കഴിഞ്ഞ് പലരും പൂക്കടകൾ തുറന്നെങ്കിലും പതിവ് കച്ചവടം നടന്നില്ല. ക്ഷേത്രങ്ങൾ തുറക്കാതെ പതിവ് കച്ചവടം ലഭ്യമാകില്ലെന്നാണ് ഇവർ പറയുന്നത്. സംസ്ഥാനത്തെത്തുന്ന പൂക്കളുടെ പ്രധാനപങ്കും എത്തിച്ചേരുന്നത് ക്ഷേത്രങ്ങളിലേക്കാണ്. വിവാഹങ്ങൾ കുറഞ്ഞതും മാറ്റിവയ്ക്കപ്പെട്ടതും കച്ചവടത്തെ ബാധിച്ചു. കർക്കടക വാവു മുതൽ ചിങ്ങമാസത്തിലെ ഓണവിപണി മുന്നിൽക്കണ്ട് സജീവമാകുന്ന വിപണി നിലവിൽ കടുത്ത പ്രതിസന്ധിയിലാണ്. കൊവിഡ് വ്യാപനം കൂടിയതോടെ തുറന്ന കടകൾ പലയിടങ്ങളിലും വീണ്ടും അടച്ചു. കഴിഞ്ഞ വർഷങ്ങളിൽ പ്രളയമാണ് പുഷ്പ വ്യാപാരത്തിന് തിരിച്ചടിയായതെങ്കിൽ ഇത്തവണ കൊവിഡ് വില്ലനായി. നിലവിലെ അവസ്ഥ തുടർന്നാൽ സ്ഥിതി കൂടുതൽ വഷളാകുകയേയുള്ളൂ. തമിഴ്നാട്ടിൽ നിന്നുള്ള വാഹനങ്ങൾ അതിർത്തി കടന്നെത്താനുള്ള ബുദ്ധിമുട്ടും വെല്ലുവിളിയാണ്. സംസ്ഥാനത്തേക്ക് പൂവെത്തിക്കുന്ന തോവാള പൂമാർക്കറ്റ് ലോക്ക് ഡൗണിനെത്തുർന്ന് മാർച്ച് അവസാനം അടച്ചിരുന്നു. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്തെ പൂവ്യാപാരം നിയന്ത്രിക്കുന്ന മാർക്കറ്റ് വീണ്ടും തുറന്നത്. വ്യാപാരികളുടെ അഭ്യർത്ഥനയെത്തുടർന്നാണ് സർക്കാർ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി മാർക്കറ്റ് പ്രവർത്തിക്കാൻ കന്യാകുമാരി ജില്ലാ ഭരണകൂടമാണ് അനുമതി നൽകിയത്. സാമൂഹിക അകലം പാലിച്ച് കച്ചവടം നടത്താനാണ് അനുമതി. പഴയ കാലത്ത് നടന്നിരുന്നതിന്റെ പത്തിലൊന്നു പോലും കച്ചവടമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വിപണി പഴയനിലയിലേയ്ക്ക് ക്ക് എത്താൻ മാസങ്ങൾ വേണ്ടി വരുമെന്ന വിലയിരുത്തൽ വ്യാപാരികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. നഷ്ടക്കണക്കാണ് അവിടെ പുഷ്പകൃഷിക്കാർക്കും പറയാനുള്ളത്. പൂക്കൾ യഥാസമയം പറിച്ചെടുക്കാത്തതിനെത്തുർന്ന് അരളി പോലുള്ള പൂക്കൾ കായ് ആയിത്തീർന്നു. പുഷ്പകൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന തൊഴിലാളികളും തൊഴിൽ രഹിതരായി. പൂക്കൾ പറിച്ചു മാറ്റിയില്ലെങ്കിൽ ചെടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ പൂക്കൾ വെറുതേ പറിച്ചു കളയേണ്ട നിലയിലായി.
പൂ വിപണിയെ ആശ്രയിച്ചു ജീവിക്കുന്ന കർഷകരും തൊഴിലാളികളും വ്യാപാരികളുമായുള്ള ആയിരക്കണക്കിന് പേരാണ് അടച്ചിടലിൽ ബുദ്ധിമുട്ടിലായത്. ക്ഷേത്ര ഉത്സവ - വിവാഹ സീസണിൽ ലോക്ക് ഡൗൺ ആയതിനെത്തുടർന്ന് കോടികളുടെ നഷ്ടമാണ് പൂവിപണിയിലുണ്ടായത്.