gold

തിരുവനന്തപുരം: വിദേശത്ത് നിന്നു കടത്താൻ ശ്രമിച്ച ഒരു കിലോയോളം സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എയർ കസ്റ്റംസ് ഇന്നലെ രാവിലെ പിടികൂടി. സ്വർണം കടത്താൻ ശ്രമിച്ച രണ്ട് കാസർകോട് സ്വദേശികളെയും അറസ്റ്റു ചെയ്‌തു. സുബൈർ തൈവളപ്പ് (25), സജീർ കണിയാംമ്പാടി(24) എന്നിവരാണ് പിടിയിലായത്.

വ്യാഴാഴ്ച രാവിലെ ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് എയർലൈൻസിന്റെ ഇ.കെ.522-ാം നമ്പർ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. സ്വർണം വെള്ളി രൂപത്തിലാക്കി ട്രോളി ബാഗിന്റെ വശങ്ങളിലെ ബീഡിംഗിന് പകരമായി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇവരെ കൂടുതൽ ചോദ്യം ചെയ്‌തെങ്കിലും സ്വർണമില്ലെന്ന നിലപാടിലായിരുന്നു ഇരുവരും ആദ്യം. പിന്നീട് ബാഗ് പരിശോധിച്ചതോടെയാണ് അതിവിദഗ്ദ്ധമായി ഒളിപ്പിച്ചിരുന്ന സ്വർണം കണ്ടെത്തിയത്. ഇതിനു പുറമേ ഇവരുടെ ലഗേജുകളിൽ നിന്ന് 50 കാർട്ടൺ വിദേശ നിർമ്മിത സിഗരറ്റുകളും നാല് ആപ്പിൾ ഐ ഫോണുകളും കണ്ടടുത്തു. പിടികൂടിയ സ്വർണമടക്കമുള്ള വസ്തുക്കൾക്ക് 60 ലക്ഷത്തിലധികം രൂപയുടെ മൂല്യമുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എയർകസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ എസ്.ബി അനിലിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ആർ.ബൈജു, പി.രാമചന്ദ്രൻ, സുധീർ,രാജീവ്, യു.പുഷ്പ ഇൻസ്‌പെക്ടർമാരായ ഷിബു വിൻസെന്റ്, വിശാഖ്, രാംകുമാർ, ബാൽ മുകുന്ദ് എന്നിവരാണ് സ്വർണം പിടികൂടിയത്.