കടയ്ക്കാവൂർ: പൊന്നുംതുരുത്ത് ശിവ പാർവതി വിഷ്ണു ക്ഷേത്രത്തിന്റെ വികസനത്തിന് സർക്കാരോ ടൂറിസം ഡിപ്പാർട്മെന്റോ ശ്രദ്ധിക്കുന്നില്ലെന്ന് പരാതി.ജില്ലയിൽ അഞ്ചുതെങ്ങ് കായലിന്റെ മദ്ധ്യഭാഗത്ത് പന്ത്രണ്ട് ഏക്കർ വിസ്തീർണമുള്ള തുരുത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.അഞ്ചുതെങ്ങ് പഞ്ചായത്തിന്റെ പരിധിയിലാണ് ഈ പൊന്നും തുരുത്ത് സ്ഥിതി ചെയ്യുന്നത്. സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളെ വളരെയധികം ആകർഷിക്കുന്നതാണ് കായലിന്റെ മദ്ധ്യഭാഗത്തുള്ള ഈ തുരുത്ത്.ഒരു പ്രാവശ്യം ഈ തുരുത്ത് കണ്ടിട്ടുള്ളവർ ഈ തുരുത്തിലെ പ്രകൃതി രമണീയത ആസ്വദിക്കാൻ വീണ്ടും തുരുത്തിലെത്തും എന്നതാണ് ഒരു പ്രത്യേകത.
ഒരു വശത്തു വക്കം പഞ്ചായത്ത് മറ്റൊരു വശം അകത്തുമുറി, പണയിൽ കടവ്. വേറൊരു വശം നെടുങ്കണ്ട കായിക്കര പ്രദേശങ്ങൾ. നെടുങ്കണ്ടയിൽ നിന്നും വക്കത്തുനിന്നും അകത്തുമുറിയിൽ നിന്നും ക്ഷേത്രത്തിൽ എത്താൻ ബോട്ട് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ വളരെയധികം ഭക്തജനങ്ങൾ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്നുണ്ട്.
ബ്രാഹ്മണ സമുദായക്കാരാണ് ക്ഷേത്രം സ്ഥാപിച്ചതെന്ന ഐതിഹ്യമുണ്ട്. ക്ഷേത്രത്തിന് ഏതാണ്ട് അടുത്ത് കളരി എന്നറിയപ്പെടുന്ന ഒരു സ്ഥലമുണ്ട്. ബ്രാഹ്മണർ ഇവിടെയാണ് കളരി അഭ്യസിച്ചിരുന്നതെന്നും അതിനാലാണ് ഈ സ്ഥലം കളരി എന്ന് പേരിൽ അറിയപ്പെടുന്നത്. കാലാന്തരത്തിൽ ബ്രാഹ്മണസമുദായം ഈ പ്രദേശം ഉപേക്ഷിച്ചു പോയി. അതോടെ സ്ഥലവാസികൾ ക്ഷേത്രത്തിന്റെ ചുമതല ഏറ്റെടുത്തു. പനംപരമ്പ് കൊണ്ടാണ് ക്ഷേത്രം നിർമിച്ചിരുന്നത്.
സ്ഥലവാസികൾ ക്ഷേത്രത്തിന്റെ ചുമതല ഏറ്റെടുത്ത് അതിമനോഹരമായ ക്ഷേത്രം പണിയുകയും ക്ഷേത്രത്തിന്റെ ഭരണം ഒരു ട്രസ്റ്റിന്റെ കീഴിലാക്കുകയും ചെയ്തു.
മുരുക്കംപുഴ, കഠിനംങ്കുളം പെരുമാതുറ പണയിൽ കടവ്, പൊന്നുംതുരുത്ത് പ്രദേശങ്ങളിലെ ടൂറിസം സാദ്ധ്യതയെ പറ്റി പഠിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പൊന്നും തുരുത്തിൽ കഴിഞ്ഞവർഷം സന്ദർശിച്ചിരുന്നു. കാലങ്ങളായി പ്രദേശവാസികളുടെ ആഗ്രഹമാണ് പൊന്നും തുരുത്തിന്റെ വികസനം.