kamala
കമല ഹാരിസ്

അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഡെമോക്രാറ്റിക് പാർട്ടി പ്രഖ്യാപിച്ച കമല ഹാരിസ് ഞൊടിയിടയിൽ വാർത്തയിലെ മിന്നും താരമായി. കമലയുടെ പാലക്കാട് ബന്ധം ഇതിനകം എല്ലാവരും അറിഞ്ഞുകഴിഞ്ഞു. കമലയുടെ അമ്മ ശ്യാമള ഗോപാലന്റെ നാട് എന്ന നിലയിൽ. കമലയെക്കുറിച്ച് അത്രയൊന്നും അറിയപ്പെടാത്ത 10 കാര്യങ്ങൾ.

(1) 2004-ലാണ് കമല സാൻഫ്രാൻസിസ്‌കോയിലെ ഡിസ്ട്രിക്ട് അറ്റോർണിയായി മത്സരിക്കുന്നത്. അതിന് മുമ്പ് ആ സ്ഥാനം വഹിച്ചിരുന്ന ടെറൻസ് ഹള്ളിനാനും അഭിഭാഷകനായ ബിൽ ഫാസിയോയുമാണ് എതിരാളികൾ. പ്രാഥമിക ഘട്ട ഇലക്‌ഷനിൽ ഹള്ളിനാൻ മുന്നിലെത്തി. 13 വോട്ടിന് പിന്നാലെയായി കമലയുടെ സ്ഥാനം. ഹള്ളിനാന്റെ ഭൂതകാല ജീവിതത്തിലെ ഒരു മോശം എപ്പിസോഡിൽ കേന്ദ്രീകരിച്ചാണ് അടുത്ത ഘട്ടത്തിന്റെ പ്രചാരണം കമല നടത്തിയത്. ഒരു പായ്ക്കറ്റ് ഫാജിറ്റാസിന് (പൊരിച്ച ഇറച്ചിയിൽ ക്രീം പുരട്ടി തയ്യാറാക്കുന്ന വി​ഭവം ) വേണ്ടി​ റോഡി​ൽ അടി​കൂടി​യ ആളാണ് ഹള്ളി​നാനെന്ന് കമല വിമർശിച്ചു. സംഭവം ശരി​യായി​രുന്നു. 2002-ൽ 'ഫാജിറ്റാ ഗേറ്റ്" സംഭവം എന്നായിരുന്നു ഇത് അവിടെ അറിയപ്പെട്ടത്. മൂന്ന് പൊലീസുകാരും ചില നാട്ടുകാരും തമ്മിൽ നടുറോഡിൽ ഹള്ളിനാൻ അടിയുണ്ടാക്കിയിരുന്നു. ഫാജിറ്റാസ് പായ്ക്കറ്റക് തന്റേതാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു അടി. ഇത് പൊടിപ്പും തൊങ്ങലും വച്ച് കമല പ്രസംഗത്തിൽ അവതരിപ്പിച്ചു. അന്തിമ ഫലത്തിൽ കമല ഡിസ്ട്രിക്ട് അറ്റോർണിയായി.

(2) അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ കൈയിൽ നിന്ന് പണ്ട് രണ്ട് തവണ സംഭാവന വാങ്ങിയിട്ടുണ്ട് കമല. ആദ്യത്തേത് 2011ൽ. കാലിഫോർണിയയിലെ അറ്റോർണി ജനറൽ സ്ഥാനത്തേക്ക് നടന്ന റീ - ഇലക്‌ഷൻ സമയത്തായിരുന്നു ഇത്. 5000 ഡോളറായിരുന്നു സംഭാവന. 2014-ൽ നടന്ന തിരഞ്ഞെടുപ്പിൽ ട്രംപ് 1000 ഡോളറും നൽകി. 2014-ൽ തന്നെ ട്രംപിന്റെ മകൾ ഇവാങ്ക 2000 ഡോളറും സംഭാവന നൽകിയിരുന്നു.

(3)കാലിഫോർണിയയിലെ അറ്റോർണി ജനറലായിരുന്നു കമല. ഇപ്പോഴത്തെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡന്റെ മകൻ ജൂനിയർ ബൈ‌ഡനായിരുന്നു തൊട്ടടുത്തുള്ള ഡെലാവയറിലെ അറ്റോർണി ജനറൽ. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. 2015 ജൂനിയർ ബൈഡൻ കാൻസർ ബാധിച്ച് മരണമടഞ്ഞു. മകന്റെ സുഹൃത്ത് എന്ന നിലയിലാണ് കമല ജോ ബൈഡനുമായി കൂടുതൽ അടുത്തത്.

(4) ഒബാമയുടെ അറ്റോർണി ജനറലായിരുന്ന എറിക് ഹോൾഡർ 2014-ൽ രാജിവച്ചപ്പോൾ ആ സ്ഥാനം കമലയ്ക്ക് ലഭിക്കുമായിരുന്നു. എന്നാൽ താത്‌പര്യമില്ലെന്ന് വെളിപ്പെടുത്തി കമല ഒഴിയുകയായിരുന്നു. ലോററ്റ ലിഞ്ചിനെയാണ് ആ സ്ഥാനത്തേക്ക് പിന്നീട് ഒബാമ നിയമിച്ചത്.

(5) കമലയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളിലൊന്ന് ഫ്രഞ്ച് ഫ്രൈസാണ്. അത് വീട്ടിൽ സ്വയം പാചകം ചെയ്ത് കഴിക്കാനും സുഹൃത്തുക്കൾക്ക് വിളമ്പാനും ഇഷ്ടമാണ്.

(6) കമലയ്ക്ക് സ്വന്തമായി ഒരു വളർത്തുമൃഗം ഇല്ല. എന്നാൽ നായ്ക്കളെ വളരെ ഇഷ്ടമാണ്. 'എന്റെ സെനറ്റ് ഓഫീസിലേക്ക് വളർത്തുനായ്ക്കൾക്ക് സ്വാഗതം" എന്ന് കമല ട്വീറ്റ് ചെയ്തതിനോടൊപ്പം ഓഫീസ് സന്ദർശിച്ച പട്ടികളുടെ ചിത്രങ്ങളും നൽകിയിരുന്നു.

(7) ''ചുമ്മാതി​രുന്ന് ഓരോ കാര്യങ്ങളെപ്പറ്റി​ കുറ്റം പറയരുത്. ആ സമയത്ത് എന്തെങ്കി​ലും ചെയ്യാൻ ശ്രമി​ക്കുക" - അമ്മ ശ്യാമള ഗോപാലൻ തനിക്ക് നൽകിയ ഏറ്റവും വിലപ്പെട്ട ഉപദേശം ഇതായിരുന്നു എന്ന് കമല എഴുതിയിട്ടുണ്ട്. അമ്മയുടെ ഈ വാക്കുകൾ ഒരു മന്ത്രം പോലെ എന്നും ഉള്ളിൽ ഉരുവിടുമായിരുന്നു. അഭിഭാഷകനും ജൂത വംശജനുമായ ഡഗ്ളസ് എം ഹോഫാണ് കമലയുടെ ഭർത്താവ്. 2014 ലായിരുന്നു ഇവരുടെ വിവാഹം.

(8) കമലയുടെ അമ്മായിഅമ്മ ആദ്യം തന്നെ കണ്ടപ്പോൾ പ്രതികരിച്ചത് 'ടിവിയിൽ കാണുന്നതിനേക്കാൾ എത്രയോ സുന്ദരിയാണ് നീ നേരിട്ട് കാണാൻ" എന്നായിരുന്നു എന്ന് അവതാരികയെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് കമല പറഞ്ഞിട്ടുണ്ട്. അമ്മായി അമ്മ രണ്ടും കൈയും കൂട്ടി കമലയുടെ മുഖം പിടിച്ചുകൊണ്ട് അവരുടെ ഭർത്താവ് മൈക്കിനോട് ഇങ്ങനെ പറഞ്ഞു: 'മൈക്ക് നോക്കൂ, ഞാൻ പറഞ്ഞത് ശരിയല്ലേ" ടി​വി​ ഷോയി​ൽ സ്വയം ആസ്വദി​ച്ചാണ് കമല ഈ പഴയ രംഗം വി​വരി​ക്കുന്നത്.

(9) ഭർത്താവ് ഡഗ്ളസ് കമലയെ വിളിക്കുന്നത് മറ്റൊരു ചെല്ലപ്പേരിലാണ്. മൊമല എന്നാണ് ആ വിളി. ഇതൊരു യിദ്ദിഷ് വാക്കാണ്. 'ചെറിയ അമ്മ" എന്നാണ് ഇതിന്റെ അർത്ഥം. സാധാരണ കുട്ടികളാണ് ഈ വാക്ക് ഉപയോഗിക്കുന്നത്.

(10) ഒരു പ്രോസിക്യൂട്ടർ എന്ന നിലയിലാണ് കമല ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. വധശിക്ഷയെ നഖശിഖാന്തം എന്നും എതിർത്തിരുന്നു കമല.