rajyasabha-

തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാറിന്റെ വേർപാടിനെത്തുടർന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാറും യു.ഡി.എഫ് സ്ഥാനാർത്ഥിയായി കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടിയും നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന് മുന്നിൽ നാമനിർദ്ദേശ പത്രിക നൽകി. ഇന്ന് സൂക്ഷ്മ പരിശോധന നടക്കും. 17 വരെ പത്രിക പിൻവലിക്കാം. 24 നാണ് വോട്ടെടുപ്പ്. അന്ന് വൈകിട്ട് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് വോട്ടടുപ്പ് നടക്കുക. 24ന് നിയമസഭാ സമ്മേളനവും ചേരുന്നുണ്ട്.മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ. കൃഷ്ണൻകുട്ടി, എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ, സി. ദിവാകരൻ എം.എൽ.എ എന്നിവർക്കൊപ്പമെത്തിയാണ് ശ്രേയാംസ് കുമാർ പത്രിക നൽകിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പളി രാമചന്ദ്രൻ, കെ.സി. ജോസഫ് എം.എൽ.എ എന്നിവർക്കൊപ്പമെത്തിയാണ് ലാൽ വർഗീസ് കൽപ്പകവാടി പത്രിക നൽകിയത്.

നിയമസഭയിൽ എൽ.ഡി.എഫിന് വ്യക്തമായ മുൻതൂക്കമുള്ളതിനാൽ പേരിനാണ് മത്സരം നടക്കുക.

തിരഞ്ഞെടുപ്പ് നടക്കുന്ന രാജ്യസഭാ സീറ്റിൽ രണ്ട് വർഷമാണ് അവശേഷിക്കുന്നത്. ഒരു ഉപാധിയുടെയും പുറത്തല്ല രാജ്യസഭാ സീറ്റ് കിട്ടിയതെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇനി താൻ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കർഷകരുടെ പ്രതിനിധിയായിട്ടാണ് കൽപ്പകവാടി മത്സരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോൾ നിയമസഭ തിരഞ്ഞെടുപ്പ് നടന്നാൽ ചരിത്രത്തിലില്ലാത്ത വണ്ണം ഈ സർക്കാർ പരാജയപ്പെടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.