അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് എക്കാലത്തും ലോകത്ത് വലിയ താത്‌പര്യം ഉളവാക്കാറുണ്ട്. അടുത്ത നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് പതിവിലുമധികം കൗതുകത്തോടെയാകും ഇന്ത്യക്കാർ വീക്ഷിക്കുക. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോ ബൈഡൻ തന്റെ വൈസ് പ്രസിഡന്റ് നോമിനിയായി നിശ്ചയിച്ചിരിക്കുന്നത് ഇന്ത്യൻ വംശജയായ കമല ഹാരിസിനെയാണ്. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു ചരിത്രത്തിൽ ആദ്യമായിട്ടാണ് കറുത്ത വർഗക്കാരിയായ ഒരു ഇന്ത്യൻ വംശജ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ നോമിനേഷൻ നേടുന്നത്. ഈ സ്ഥാനത്തിനു നോട്ടമിട്ടു നിരനിരയായി രംഗത്തുണ്ടായിരുന്ന ഒരു ഡസനോളം പേരിൽ നിന്നാണ് കമലഹാരിസിനെ ജോ ബൈഡൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിലേക്കു ക്ഷണിച്ചത്. നിലവിൽ യു.എസ് സെനറ്റിൽ കാലിഫോർണിയ സ്റ്റേറ്റിനെ പ്രതിനിധീകരിക്കുന്ന കമല പ്രഗത്ഭ അഭിഭാഷകയെന്ന നിലയിൽ അമേരിക്കയിൽ ഏറെ സുപരിചിതയാണ്. സാൻഫ്രാൻസിസ്കോ ഡിസ്ട്രിക്ട് അറ്റോർണി, കാലിഫോർണിയ അറ്റോർണി ജനറൽ തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള അവർ നിയമ പരിഷ്കാരങ്ങൾക്കുവേണ്ടി നിരന്തരം വാദിച്ചുവരുന്ന പ്രമുഖരുടെ നിരയിൽ മുൻപന്തിയിൽത്തന്നെ നിലകൊള്ളുന്നു. സമീപകാലത്ത് അമേരിക്കയെ പിടിച്ചുകുലുക്കിയ ജോർജ് ഫ്ളോയിഡ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ സെനറ്റിൽ കൊണ്ടുവന്ന നിയമ പരിഷ്കരണ ബില്ലിനുവേണ്ടി ശക്തിയായി വാദിച്ചവരിലൊരാൾ കമലയായിരുന്നു. വൈസ് പ്രസിഡന്റ്
സ്ഥാനത്തേക്കല്ല പ്രസിഡന്റ് സ്ഥാനത്തേക്കു തന്നെ മത്സരിക്കാനാണ് കമല നേരത്തെ ഒരുങ്ങിയത്. എന്നാൽ അതിനുവേണ്ടിവരുന്ന ഭാരിച്ച ചെലവ് താങ്ങാനാവില്ലെന്നു ബോദ്ധ്യപ്പെട്ടതോടെ ആ ഉദ്യമത്തിൽ നിന്ന് ഇക്കഴിഞ്ഞ ഡിസംബറിൽ അവർ പിൻവാങ്ങുകയായിരുന്നു. നവംബറിൽ ഇപ്പോഴത്തെ പ്രസിഡന്റും റിപ്പബ്ളിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി ജോ ബൈഡൻ പ്രസിഡന്റാവുകയാണെങ്കിൽ കമലയായിരിക്കും അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ്. മാത്രമല്ല 2024, 2028 എന്നീ വർഷങ്ങളിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള അവസരവും കൈവരും. അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ ഈ പുതിയ അദ്ധ്യായം ഇന്ത്യക്കാർക്ക് അനല്പമായ ആഹ്ലാദത്തിനും അവസരം നൽകും.
അമേരിക്കയുമായുള്ള ഇന്ത്യയുടെ രാഷ്ട്രീയ - സാമ്പത്തിക ബന്ധം വച്ചുനോക്കിയാൽ ബൈഡനെക്കാൾ ഇപ്പോഴത്തെ പ്രസിഡന്റ് ട്രംപിന്റെ വിജയമാണ് അഭികാമ്യമെന്നു പറയാം. ട്രംപിന്റെ ഈ നാലുവർഷത്തെ ഭരണം അമേരിക്കയിൽ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിനുവരുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഒട്ടും തന്നെ അനുകൂലമായിരുന്നില്ല എന്ന യാഥാർത്ഥ്യവും ഒപ്പം തന്നെയുണ്ട്. തൊഴിൽ രംഗത്തു കൊണ്ടുവന്ന പല പരിഷ്കാരങ്ങളും ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നെത്തി പല മേഖലകളിൽ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിനു പേർക്ക് പ്രതികൂലമായി ഭവിച്ചത് മറക്കാറായിട്ടില്ല.
അറുപതുകളുടെ ആദ്യം അമേരിക്കയിലേക്ക് കുടിയേറിയ ശ്യാമളയുടെയും ജമൈക്കയിൽ നിന്ന് ഉപരിപഠനത്തിനെത്തിയ ഡൊണാൾഡ് ഹാരിസിന്റെയും പുത്രിയാണ് അൻപത്തഞ്ചുകാരിയായ കമല ഹാരിസ്. ഡൽഹി സർവകലാശാലയിൽ നിന്ന് ഹോംസയൻസിൽ ബിരുദമെടുത്ത ശേഷം സ്കോളർഷിപ്പോടെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ എൻഡോക്രയോളജി പഠനത്തിനെത്തിയ ശ്യാമള പൗരാവകാശപ്പോരാളി എന്ന നിലയിലാണ് അവിടെ പ്രസിദ്ധയായത്. രാഷ്ട്രീയ പ്രബുദ്ധതയും നേതൃത്വഗുണവുമൊക്കെ പരമ്പരാഗതമായുള്ള ഒരു കുടുംബത്തിലെ അംഗമായിരുന്ന ശ്യാമളയ്ക്കും അവരുടെ പുത്രി കമലയ്ക്കും അമേരിക്കയിലെ 'കറുത്ത" സമൂഹത്തിന്റെ ആദരവും സ്നേഹവും പിടിച്ചുപറ്റാൻ അധികനാൾ വേണ്ടിവന്നില്ല. തമിഴ്‌നാട്ടിലാണ് ജനിച്ചതെങ്കിലും യാഥാസ്ഥിതികത്വത്തിൽ നിന്ന് പൂർണമായും അകന്നുമാറിയുള്ള ജീവിതമായിരുന്നു അവരുടേത്. മകൾ കമലയ്ക്കും ആ വിശേഷ പൈതൃകം ആവോളം ലഭിച്ചിട്ടുണ്ട്. അമേരിക്കയിൽ കറുത്ത വർഗക്കാർ പൗരാവകാശങ്ങൾക്കു വേണ്ടി നടത്തുന്ന പ്രക്ഷോഭങ്ങൾക്കു പിന്തുണയുമായി സദാ എത്തിയിരുന്ന കമല ഭരണകൂടത്തിന്റെ പല നയങ്ങളോടും കടുത്ത എതിർപ്പുള്ള ആളാണ്.
കമലയുടെ സ്ഥാനാർത്ഥിത്വത്തെ പ്രസിഡന്റ് ട്രംപ് നിന്ദ്യമായ ഭാഷയിൽ പുച്ഛിച്ചുതള്ളുന്നുണ്ടെങ്കിലും ഡെമോക്രാറ്റുകളുടെ ഈ നീക്കം തനിക്ക് ചെറുതല്ലാത്ത വൈതരണികൾ സൃഷ്ടിച്ചേക്കാമെന്ന് സംശയിക്കുന്നുമുണ്ട്. ആഫ്രോ ഏഷ്യൻ വംശജരുടെയും ഇന്ത്യൻ വംശജരായ അമേരിക്കക്കാരുടെയും മനസ് കമലയ്ക്കും അതുവഴി ജോ ബൈഡനും അനുകൂലമായി തിരിയുമെന്നതാണ് ട്രംപിനുണ്ടാകാവുന്ന തിരിച്ചടി. അമേരിക്കയിലെ ഏറ്റവും മികച്ച പൊതുപ്രവർത്തക എന്ന നിലയ്ക്കാണ് കമലയെ താൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഒപ്പം കൂട്ടുന്നതെന്നാണ് സ്ഥാനാർത്ഥി പ്രഖ്യാപന ചടങ്ങിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ജോ ബൈഡൻ പ്രഖ്യാപിച്ചത്. സെനറ്റിലും നിയമ വേദികളിലും അതീവ കർക്കശക്കാരിയെന്ന നിലയിലാണ് കമല അറിയപ്പെടുന്നത്. അമേരിക്കയുടെ ക്രിമിനൽ നിയമസംഹിത പൊളിച്ചെഴുതണമെന്ന കമലയുടെ വാദം ഏറെ ശ്രദ്ധ നേടിയിരുന്നു. വെള്ളക്കാരല്ലാത്തവരെ രണ്ടാം തരം പൗരന്മാരായി കരുതുന്ന ഭരണകൂട സമീപനത്തിനെതിരെ ശബ്ദമുയർത്താറുള്ള കമല പൗരാവകാശങ്ങൾ എല്ലാ അമേരിക്കക്കാർക്കും വിവേചനങ്ങളില്ലാതെ അനുഭവവേദ്യമാകണമെന്ന അഭിപ്രായക്കാരിയാണ്.
പ്രൈമറി ഡിബേറ്റുകളിൽ അമേരിക്കയെ ബാധിക്കുന്ന ചില പൊതുവിഷയങ്ങളിൽ ജോ ബൈഡനോടു പരസ്യ ഏറ്റുമുട്ടലിനു പോലും കമല മടിച്ചിരുന്നില്ല. അതിന്റെ പേരിലാണ് ഡൊണാൾഡ് ട്രംപ് കമലയുടെ സ്ഥാനാർത്ഥിത്വത്തെ ഇകഴ്‌ത്തിപ്പറയാൻ ശ്രമിക്കുന്നത്. ഡിബേറ്റുകളിൽ പലപ്പോഴും ബൈഡനെ അധിക്ഷേപിച്ചു നടന്ന കമലയെ എങ്ങനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കൊണ്ടുനടക്കുമെന്നാണ് ട്രംപിന്റെ പരിഹാസം. മാത്രമല്ല കമലയെ മോശം പദങ്ങളുപയോഗിച്ച് കണക്കറ്റ് ശകാരിക്കുന്നുമുണ്ട് അദ്ദേഹം. കൊവിഡ് പശ്ചാത്തലത്തിൽ പാവപ്പെട്ടവർക്കു കൂടി പ്രയോജനകരമായ പുതിയ ഇൻഷ്വറൻസ് പദ്ധതിക്കായി കമല സെനറ്റിൽ വാദം ഉയർത്തിയതും ട്രംപിനെ ചൊടിപ്പിച്ചിരുന്നു. ഇതിനായി നികുതി കൂട്ടണമെന്ന കമലയുടെ നിർദ്ദേശവും തുറുപ്പുചീട്ടായി ട്രംപ് ഉയർത്തിക്കാട്ടുകയാണ്.
നവംബർ 3നു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഏറെ ശ്രദ്ധേയമാകാൻ പോകുന്നത് കമലയുടെ കൂടി രംഗപ്രവേശത്തോടെയാണെന്നു പറയാം. കൊവിഡ്
മഹാമാരി ട്രംപിന്റെ രണ്ടാംവരവ് സാദ്ധ്യതയെ നന്നായി ബാധിച്ചിട്ടുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. മഹാമാരി ട്രംപ് കൈകാര്യം ചെയ്ത രീതിയോട് പൊരുത്തപ്പെടാനാവാത്തവർ ധാരാളമുണ്ട്. അമേരിക്കയിലുള്ള ഇന്ത്യൻ വംശജർ തിരഞ്ഞെടുപ്പിൽ എന്തുനിലപാടെടുക്കുമെന്നതിന് കൃത്യമായ സൂചനകളൊന്നുമില്ല. എന്നാലും കമലയുടെ സ്ഥാനാർത്ഥിത്വം ഇന്ത്യൻ സമൂഹം പൊതുവേ സ്വാഗതം ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷ. അമേരിക്കൻ തിരഞ്ഞെടുപ്പിൽ പുതുചരിത്രം കുറിക്കാനുള്ള ഒരവസരം അവർ കളഞ്ഞുകുളിക്കുകയില്ലെന്നാണ് കരുതേണ്ടത്.