കല്ലമ്പലം: കൊവിഡ് വ്യാപനം അനുദിനം രൂക്ഷമാകുമ്പോഴും സാമൂഹിക അകലം പാലിക്കാതെ ജനം. വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിലും ബാങ്കുകളിലും മറ്റും എത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. സാമൂഹിക അകലം ഇവിടെയെങ്ങും നടപ്പാകുന്നില്ല. പൊലീസ്, ആരോഗ്യ വകുപ്പ്, പഞ്ചായത്തധികൃതർ ആരും തന്നെ ഇവിടങ്ങളിൽ എത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. പൊലീസിന്റെയും പഞ്ചായത്തിന്റെയും ബോധവത്കരണം മാത്രമാണ് നടക്കുന്നത്. സ്ഥാപനങ്ങൾക്കുള്ളിൽ ആളുകൾ തിക്കി തിരക്കിയാലും പരാതികൾ ലഭിച്ചാൽ പോലും അധികൃതർ കൂട്ടാക്കാത്തത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നാവായിക്കുളം എതുക്കാട് ജംഗ്ഷനിൽ ഐ.ഒ.ബി ബാങ്കിൽ അകത്തും പുറത്തുമായി സാമൂഹിക അകലം പാലിക്കാതെ വൻ തിരക്കാണുണ്ടായത്. സമ്പർക്ക വ്യാപനം രൂക്ഷമാകുമ്പോഴും ഇത്തരത്തിൽ സാമൂഹിക അകലം പാലിക്കാതെയുള്ള കൂട്ടം കൂടലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുകയാണ്. സാമൂഹിക അകലം പാലിക്കാതെ ബാങ്കുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും മുന്നിൽ ജനങ്ങൾ തടിച്ചുകൂടുന്നതിനെതിരെ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിവേണമെന്നാവശ്യവും ശക്തമാണ്.