life-mission

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഒരു കോടി കമ്മിഷൻ പറ്റിയെന്ന് കുറ്റസമ്മതം നടത്തിയ ലൈഫ് മിഷന്റെ ഭവനസമുച്ചയ പദ്ധതിക്കരാർ ഫയലിൽ നിയമവകുപ്പ് ഉന്നയിച്ച സ്വാഭാവിക സംശയങ്ങൾ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം.ശിവശങ്കർ ഇടപെട്ടതോടെ പറപറന്നു. സംശയങ്ങളൊക്കെ നിലംതൊടാതെ വിഴുങ്ങി, പദ്ധതിയുമായി മുന്നോട്ട് പോകാൻ പൂർണസമ്മതമറിയിച്ച് നിയമ വകുപ്പിന്റെ രണ്ടാമത്തെ നോട്ട് മണിക്കൂറുകൾക്കുള്ളിൽ റെഡി. തൊട്ടടുത്ത ദിവസം, ദുബായ് ആസ്ഥാനമായ റെഡ്ക്രസന്റുമായി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ലൈഫ് മിഷൻ സി.ഇ.ഒ ധാരണാപത്രത്തിൽ ഒപ്പിട്ടു.

2019 ജൂലായ് 10ന് ഉച്ചതിരിഞ്ഞ് മൂന്നിനാണ് ഈ ഫയൽ നീക്കങ്ങൾ നടന്നത്. തൃശൂർ വടക്കാഞ്ചേരിൽ ഭവന സമുച്ചയത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പിട്ടത് 11നും.

സന്നദ്ധസ്ഥാപനമായ റെഡ്ക്രസന്റ് 20 കോടി സഹായമനുവദിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ സർക്കാരിന് മറ്റ് ബാദ്ധ്യതകളൊന്നുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തട്ടിപ്പ് നടന്നെങ്കിൽ അത് റെഡ്ക്രസന്റ് പരിശോധിച്ച് പറയട്ടെയെന്നും അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു.

ജൂലായ് 10ന് ശിവശങ്കറിന്റെ കുറിപ്പ് സഹിതമുള്ള ഫയൽ തദ്ദേശഭരണ അഡിഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ടി.കെ. ജോസിന്റെ മുന്നിലാണ് ആദ്യമെത്തിയത്. ധാരണാപത്രത്തിന്റെ കരടും ഒപ്പമുണ്ടായിരുന്നു. എത്രയും വേഗം നിയമവകുപ്പിന്റെ പരിശോധന പൂർത്തിയാക്കി ഫയൽ മടക്കണമെന്നായിരുന്നു അതിൽ ശിവശങ്കറിന്റെ കുറിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റേതായതിനാൽ നടപടികൾ വേഗത്തിലായി.

തദ്ദേശഭരണ വകുപ്പ് വഴിയാണ് ലൈഫ് മിഷൻ നടപ്പാക്കുന്നതെങ്കിലും ഫയൽ നീക്കങ്ങൾ ഇന്നുവരേക്കും വകുപ്പ് മന്ത്രി കണ്ടിട്ടില്ലെന്നാണറിയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി ശിവശങ്കർ വിരാജിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവഗതികൾ.

സംശയം ന്യായം, പക്ഷേ...

1. നിയമസെക്രട്ടറിയുടെ അടുത്ത് ഫയൽ ആദ്യമെത്തിയപ്പോൾ, വകുപ്പിലെ കൺവേയൻസ് ഒന്ന് വിഭാഗത്തിൽ നിന്ന് നിയമപരമായ അവ്യക്തതകൾ ചൂണ്ടിക്കാട്ടി തിരിച്ചയയ്ക്കുന്നു

2. ബന്ധപ്പെട്ട അസിസ്റ്റന്റും സെക്‌ഷൻ ഓഫീസറും രേഖപ്പെടുത്തിയ സംശയം ജോയിന്റ് സെക്രട്ടറി പരിശോധിച്ചുറപ്പാക്കിയാണ് നിയമ സെക്രട്ടറിയുടെ അടുത്തെത്തിയത്

3. റെഡ്ക്രസന്റ് സന്നദ്ധ സംഘടയോ, സർക്കാർ അല്ലെങ്കിൽ സ്വകാര്യ ഏജൻസിയോ, ഫോറിൻ എക്സ്ചേഞ്ച് ആക്ട് പ്രകാരം രജിസ്ട്രേഷനുണ്ടോ എന്നീ കാര്യങ്ങളിലാണ് വ്യക്തത തേടിയത്