പാലോട്: ഓൺലൈൻ പഠനത്തിന് സൗകര്യം ലഭ്യമല്ലാതിരുന്ന 25 നിർദ്ധന വിദ്യാർത്ഥികൾക്ക് കേരളകൗമുദി ബോധപൗർണമി ക്ലബിന്റെ നേതൃത്വത്തിൽ വ്യക്തികളും സ്ഥാപനങ്ങളും സംഭാവനയായി നൽകിയ 25 ടെലിവിഷനുകൾ വിതരണംചെയ്തു. ഇതോടൊപ്പം പെരിങ്ങമ്മല ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും എത്തിച്ചു നൽകി. കേരള സർക്കാരിന്റെ ഒരു മുറം പച്ചക്കറി പദ്ധതിയിൽപ്പെടുത്തി പച്ച മലയിൽ നടപ്പിലാക്കിയ പച്ചക്കറി കൃഷിയും വിജയകരമായി നടന്നുവരുന്നു. സീക്കൺ ഹീറോ പ്ലാവറ, പെരിങ്ങമ്മല ഇക്ബാൽ കോളേജ് പൂർവ വിദ്യാർത്ഥി സംഘടന സ്മൃതി, ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾ 2001-2003 പ്ലസ് 2 ബാച്ച് വിദ്യാർത്ഥികൾ തുടങ്ങിയവരാണ് ടി വികൾ സംഭാവനയായി നൽകിയത്. കേബിൾ കണക്ഷൻ ഇല്ലാത്ത വീടുകളിൽ മീഡിയാട്രൻഡ്സ് കേബിൾ വിഷൻ സൗജന്യമായി കണക്ഷൻ നൽകി.തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലേക്ക് മാസ്കുകളും സാനിറ്റൈസറും ദ്രോണാചാര്യ അവാർഡ് ജേതാവ് പ്രദീപ് കുമാറാണ് നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ, നന്ദിയോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ഉദയകുമാർ, പാലോട് സി.ഐ സി.കെ. മനോജ്, എസ്.കെ.വി ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് റാണി മോഹൻ, ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ സീന, പ്രദീപ് മരുതത്തൂർ, സാബു പ്ലാങ്കവിള, ഫ്രാൻസിസ് അമ്പലമുക്ക്, എം.വി. ഷിജുമോൻ, നസിം, ഷിബു, അഭിലാഷ് രാജൻ, വിഷ്ണു പ്രസന്നൻ, ജിനോരാജ് തുടങ്ങിയവർ പങ്കെടുത്തു.