solar

വിതുര: വർദ്ധിച്ചു വരുന്ന കാട്ടുമൃഗശല്യം തടയുന്നതിനായി കല്ലാർ മേഖലയിൽ സൗരോർജവേലി സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ നാരകത്തിൻകാല മുതൽ കല്ലാർ വരെ ഏഴ് കിലോമീറ്റർ സൗരോർജവേലി സ്ഥാപിക്കാനാണ് തീരുമാനം. നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. രണ്ടാം ഘട്ടത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കല്ലാർ മേഖലയിലെ കാട്ടുമൃഗശല്യത്തെ കുറിച്ച് കേരളകൗമുദി നിരവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനയും കാട്ടുപോത്തുമാണ് കൂടുതൽ നാശം വിതയ്ക്കുന്നത്. ആദിവാസി മേഖലകൾക്ക് പുറമേ നാട്ടിൻ പുറങ്ങളിലും കാട്ടുമൃഗങ്ങൾ നാശവും ഭീതിയും പരത്തി വിഹരിക്കുകയാണ്.ഇവയുടെ ശല്യം കാരണം കല്ലാർ, ആനപ്പാറ മേഖലയിൽ കൃഷി അന്യമായി കഴിഞ്ഞു. ഇതു സംബന്ധിച്ച് കല്ലാർ എക്സ് സർവീസ് മെൻസ് റസിഡന്റ്‌സ് അസോസിയേഷൻ വനം മന്ത്രിക്ക് പരാതി നൽകിയിരുന്നു. മാത്രമല്ല കാട്ടുമൃഗശല്യം തടയണമെന്നാവശ്യപ്പെട്ട് ഫോറസ്റ്റ് ഓഫീസ് പടിക്കൽ സമരവും നടത്തിയിട്ടുണ്ട്.

മണിതൂക്കിയിൽ മൂന്ന് കി.മീറ്റർ

കല്ലാറിന് പുറമേ തേവിയോട് മൂന്നാം നമ്പർ മണിതൂക്കി മേഖലയിൽ മൂന്ന് കിലോമീറ്റർ ദൂരം സൗരോർജ വേലി സ്ഥാപിക്കാനും ഫണ്ട് അനുവദിച്ചു. ഈ മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമാണ്. ഇതു സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു

നിരവധി മരണങ്ങൾ

കല്ലാർ മേഖലയിൽ മുൻപ് കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അടുത്തിടെ പട്ടാപകൽ കല്ലാർ അല്ലതാരയിൽ ഒരു ആദിവാസിയെ കാട്ടുപോത്ത് കുത്തിക്കൊന്നു. കാട്ടാനയുടെയും കാട്ടുപോത്തിന്റെയും ശല്യം നിമിത്തം സന്ധ്യ മയങ്ങിയാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ.

കല്ലാർ നാരകത്തിൽകാല മേഖലയിൽ സൗരോർജ വേലി സ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ച വനംവകുപ്പ് മേധാവികൾക്ക് നന്ദി രേഖപ്പെടുത്തുന്നു.

കല്ലാർ ശ്രീകണ്ഠൻനായർ (പ്രസിഡന്റ് )

സി.ആർ. അശോകൻ (സെക്രട്ടറി)

കല്ലാർ എക്സ് സർവീസ് മെൻസ് റസിഡന്റ്‌സ് അസോസിയേഷൻ

ആദ്യഘട്ടത്തിൽ - 7 കി.മീറ്റർ