ബാലരാമപുരം: പഞ്ചായത്തിലെ എരുത്താവൂർ വാർഡിൽ വടക്കേ മലഞ്ചെരുവിൽ ഭൂമാഫിയ മണ്ണിടിച്ച് നിരത്തുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. മലഞ്ചെരുവിൽ 300 അടിയോളം വരുന്ന കുന്നാണ് ഇടിച്ചു നിരത്തുന്നത്. ജിയോളജിക്കൽ സർവേപ്രകാരം മണ്ണിൽ ഈർപ്പ സാന്നിദ്ധ്യമേറിയ ഇത്തരം ഭാഗങ്ങളിൽ മണ്ണിടിക്കുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കും. വർഷങ്ങൾക്ക് മുമ്പ് നടന്ന സർവേയുടെ അടിസ്ഥാനത്തിൽ മഴവൃഷ്ടിപ്രദേശമാണ് ഈ ഭാഗം. മഞ്ഞിന്റെ സാന്നിദ്ധ്യവും കൂടുതലാണ്. തോരാമഴ, മണ്ണിടിച്ചിൽ എന്നിവയെല്ലാം പ്രകമ്പനത്തിലേക്ക് വഴിമാറി സമീപ കുടുംബങ്ങൾക്ക് ഭീഷണിയാകും. 72 കുടുംബങ്ങളാണ് അപകട ഭീഷണിയിൽ കഴിയുന്നത്. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കൂടാതെയാണ് മണ്ണിടിച്ചിൽ തുടരുന്നതെന്ന് പരാതിയുണ്ട്. കഴിഞ്ഞ 9 ന് വീട്ടമ്മമാരും നാട്ടുകാരും മണ്ണിടിച്ചിലിനായെത്തിച്ച ജെ.സി.ബി ഉൾപ്പെടെ തടഞ്ഞിട്ടു. കുന്ന് ഇടിച്ചു നിരത്തുന്നതു വഴി മുന്നൂറ് അടി മുകളിൽ സ്ഥിതിചെയ്യുന്ന ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്ര മണ്ഡപങ്ങൾക്ക് ആഘാതം സൃഷ്ടിക്കുമെന്നും അടിയന്തരമായി നിറുത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ക്ഷേത്ര ഭാരവാഹികൾ ബാലരാമപുരം പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ, ബാലരാമപുരം സി.ഐ എന്നിവർക്ക് പരാതി നൽകി.
സമരത്തിലേക്കെന്ന് കോൺഗ്രസ്
മണ്ണ്മാഫിയ സംഘങ്ങൾക്ക് കൂട്ടു നിൽക്കുന്ന അധികാരികൾക്കെതിരെ ശക്തമായ പ്രതിഷേധ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കുന്നിടിച്ചിൽ ജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളിയായി മാറിയ സാഹചര്യത്തിൽ സർക്കാർ സാമൂഹിക ആഘാതപഠനം നടത്തി പ്രദേശത്തെ അപകടസ്ഥിതി പുറത്ത് കൊണ്ടുവരണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി വിൻസെന്റ് ഡി.പോൾ ആവശ്യപ്പെട്ടു. മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.രവീന്ദ്രൻ, കോൺഗ്രസ് നേതാവ് നതീഷ് നളിനൻ, അമ്പിളിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഒപ്പിട്ട നിവേദനം ജില്ലാ കളക്ടർക്ക് നൽകി. നാട്ടുകാർ തടഞ്ഞിട്ട ജെ.സി.ബി പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്യാത്തതും ദുരൂഹത വർദ്ധിപ്പിക്കുന്നു. പഞ്ചായത്തിലെ നിരവധി പ്രദേശങ്ങളിൽ കുന്നിടിക്കുകയും വയൽ നികത്തുകയും ചെയ്തിട്ട് പൊലീസും ബന്ധപ്പെട്ടവരും യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്നും രാജമല ദുരന്തത്തിന് സമാന സ്ഥിതിയുണ്ടായാൽ പൊലീസും ഉദ്യോഗസ്ഥരും റവന്യൂ അധികൃതരും അതിനുത്തരവാദികളായിരിക്കുമെന്നും വിൻസെന്റ് ഡി.പോൾ പറഞ്ഞു.