ആറ്റിങ്ങൽ: നിർദ്ദിഷ്ട ആറ്റിങ്ങൽ ബൈപ്പാസ് ഉൾപ്പെടുന്ന ദേശീയപാത വികസനത്തിന്റെ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിൽ. സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച വിവാദങ്ങൾ പരിഹരിക്കാൻ ദേശീയപാത അധികൃതർ വിവാദ സ്ഥലങ്ങൾ സന്ദർശിച്ചു. അവസാനഘട്ടമായ 3ഡി വിജ്ഞാപനം പുറത്തിറങ്ങി. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കും. കഴിഞ്ഞ തവണ വിജ്ഞാപന കാലാവധി അവസാനിക്കുന്നതിനുമുമ്പ് ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച രേഖകൾ സമർപ്പിച്ചെങ്കിലും 3ഡി വിജ്ഞാപനത്തിനുള്ള നടപടികളുണ്ടായില്ല. ഇതുകാരണമാണ് 3 എ വിജ്ഞാപനം മുതൽ പദ്ധതി ആവിഷ്‌കരിക്കേണ്ടി വന്നതെന്ന് അധികൃതർ പറഞ്ഞു. ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച എല്ലാ രേഖകളും ദേശീയപാതാവിഭാഗത്തിന് റെവന്യൂവകുപ്പ് കൈമാറിയിട്ടുണ്ട്.
ആറ്റിങ്ങൽ ബൈപ്പാസ് വികസനം
കടമ്പാട്ടുകോണം - കഴക്കൂട്ടം പാതാവികസനത്തിലാണ് ആറ്റിങ്ങൽ ബൈപ്പാസ് ഉൾപ്പെടുന്നത്. കല്ലമ്പലം ആഴാംകോണത്തു നിന്ന് തുടങ്ങി ആറ്റിങ്ങൽ മാമത്ത് അവസാനിക്കുന്നതാണിത്. കടമ്പാട്ടുകോണം മുതൽ മാമം വരെയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നതിനായി ആറ്റിങ്ങലിൽ സ്‌പെഷ്യൽ താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ എട്ട് വില്ലേജുകളിൽ നിന്നാണ് ഭൂമിയേറ്റെടുക്കേണ്ടത്.
പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്
1332 സബ്ഡിവിഷനുകൾ 50.87 ഹെക്ടർ ഭൂമി
റോഡ് 17 കിലോമീറ്റർ
വീതി 45 മീറ്റർ
നിലവിലെ അവസ്ഥ
--------------------------------------------------
1. ത്രീ ഡി വിജ്ഞാപനം പുറത്തിറങ്ങി
2. 25 ശതമാനം തുക സർക്കാർ വഹിക്കും
3. തർക്കങ്ങൾ പരിഹരിക്കൽ അവസാന ഘട്ടത്തിൽ
4. ഭൂമിയുടെ രേഖകൾ കൈമാറി
5. എൻ.എച്ച്.എ.ഐയുടെ അപ്രൂവലായി
അന്തിമ വിജ്ഞാപനമായി
------------------------------------------------------------------
മണമ്പൂരിൽ നിന്നും തുടങ്ങി മാമത്ത് അവസാനിക്കുന്ന ആറ്റിങ്ങൽ ബൈപാസ് നിർമ്മാണത്തിന്റെ 3ഡി നോട്ടിഫിക്കേഷൻ പുറത്തിറങ്ങിയതായി അടൂർ പ്രകാശ് എം.പി അറിയിച്ചു. അലൈൻമെന്റിൽ കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട് കോടതി നിർദ്ദേശപ്രകാരം സ്ഥലം സന്ദർശിച്ച ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 3ഡി നോട്ടിഫിക്കേഷനിൽ ഈ മേഖല ഒഴിവാക്കിയാണ് വിജ്ഞാപനമെന്നും അദ്ദേഹം പറഞ്ഞു. ഈ ഭാഗത്തെ നോട്ടിഫിക്കേഷൻ പിന്നീട് ഇറക്കുമെന്നും ദേശീയപാത അതോറിട്ടി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ അറിയിച്ചതായി എം.പി വ്യക്തമാക്കി.