ഇന്ന് നമ്മുടെ ആശുപത്രികൾ ഏതാണ്ട് മുഴുവനായും കാെവിഡിൽ മുങ്ങി നിൽക്കുകയാണ്. അതുകൊണ്ടുതന്നെ മാരകമായ നിലയിൽ വാഹനാപകടത്തിൽപ്പെട്ട ചെറുപ്പക്കാർ, ഹൃദയാഘാതം, സ്ട്രോക്ക്, കരൾ രോഗങ്ങൾ എന്നിവ ബാധിച്ച് ആസന്ന നിലയിലെത്തുന്നവർ തുടങ്ങിയവരെ ആവശ്യമായ പരിചരണത്തിലൂടെ രോഗമുക്തിയിലേക്ക് നയിക്കാൻ നമ്മുടെ ആരോഗ്യ സംവിധാനം കിതച്ചു കൊണ്ടിരിക്കുകയാണ്. കൊവിഡ് 19 മുൻഗാമികളായ എസ്.എ.ആർ.എസ്, എം.ഇ.ആർ.എസ് എന്നിവയേക്കാൾ മരണസാദ്ധ്യത കുറഞ്ഞ രോഗമാണ്. ഇതുവരെ ലഭ്യമായ കണക്കുകൾ അനുസരിച്ച് 80 ശതമാനം രോഗികളും ചികിത്സ കൂടാതെ തന്നെ രോഗമുക്തി നേടും. അവർക്ക് ആശുപത്രി ചികിത്സ ആവശ്യമില്ല. രോഗമുക്തി നേടും വരെ സ്വന്തം വീടുകളിൽത്തന്നെ , ഫലപ്രദമായി ഏകാന്തവാസം അനുവർത്തിക്കാവുന്നതേയുള്ളൂ. നമ്മുടെ നാട്ടിൽ കൊവിഡിനെക്കാൾ മാരകമായി ഭവിക്കാവുന്ന ചിക്കൻപോക്സ്, അഞ്ചാംപനി തുടങ്ങിയ രോഗങ്ങൾ വർഷാവർഷം വരാറുണ്ട്. പല വീടുകളിലും അത്തരം രോഗികളെ മറ്റുള്ളവരിൽനിന്നും വേർതിരിച്ച് താമസിപ്പിക്കാനുള്ള സംവിധാനം പണ്ടു മുതലേ ഉണ്ട്. ഇൗ മാർഗം കൊവിഡിന്റെ കാര്യത്തിൽ മാത്രം എന്തുകൊണ്ട് അവലംബിക്കുന്നില്ല എന്നുള്ളത് ബന്ധപ്പെട്ടവർ ചിന്തിക്കണം. ആശുപത്രികളുടെ സേവനം ആവശ്യമായി വരുന്നത് രോഗം ശ്വാസകോശത്തെ ബാധിച്ചു എന്ന് സംശയിക്കേണ്ടപ്പോഴാണ്. പനികൂടാതെ ശ്വാസതടസവും ചുമയും അനുഭവപ്പെടുന്ന രോഗികൾ ഏതാണ്ട് 20 ശതമാനത്തോളം വരും. അതിൽ 10 ശതമാനത്തിലധികം രോഗികളെക്കൂടി ആശുപത്രികളുടെ മേൽനോട്ടത്തിൽ ഗൃഹാന്തരീക്ഷത്തിൽതന്നെ വേർതിരിച്ച് ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. അങ്ങനെ വരുമ്പോൾ 10 ശതമാനത്തിൽ താഴെ രോഗികളെ ചികിത്സിക്കാൻ വേണ്ടി മാത്രമേ ആശുപത്രികൾ കണ്ടെത്തേണ്ടതായി വരുന്നുള്ളൂ. ഇത്തരം രോഗികൾക്കായി സാംക്രമിക രോഗങ്ങളുടെ ചികിത്സയ്ക്കു വേണ്ടി മാത്രമുള്ള ഐരാണിമുട്ടം പോലുള്ള ആശുപത്രികൾ (Infections Disease Hospitals) മാത്രം ഉപയോഗിക്കുകയായിരിക്കും ഫലപ്രദം. ഇവ മതിയാകാതെ വരുന്ന സാഹചര്യത്തിൽ ജില്ലാ താലൂക്ക് തലത്തിലുള്ള ആശുപത്രികളിലെ ഏതെങ്കിലും വാർഡുകളോ ബ്ളോക്കുകളോ വേർതിരിച്ച് കൊവിഡ് രോഗികൾക്ക് മാത്രം താത്ക്കാലികമായി ഉപയോഗിക്കാവുന്നതാണ്. ഇതോടൊപ്പം തന്നെ സാംക്രമിക രോഗികളുടെ ചികിത്സയ്ക്കുള്ള ആധുനിക സംവിധാനങ്ങളോടു കൂടിയ പുതിയ ആശുപത്രികൾ യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടേണ്ടതാണ്.
ഏതൊരു സമൂഹവും ആരോഗ്യരംഗത്ത് പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ മുൻഗണന നൽകുന്നത് മാരകമായ രോഗങ്ങളുടെ ചികിത്സയ്ക്കാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ, അതായത് വാക്സിനുകളുടെയും ആന്റിബയോട്ടിക്സുകളുടെയും ഒക്കെ ആവിർഭാവത്തിന് ശേഷം രോഗങ്ങളുടെ മാരകശേഷിയുടെ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഇനിപ്പറയുന്ന ക്രമത്തിലാണ്.
* ജീവിതശൈലീരോഗങ്ങൾ
ഹൃദയാഘാതം, മസ്തിഷ്കാഘാതം, കാൻസർ, രക്താതിസമ്മർദ്ദം.
ശ്വാസകോശരോഗങ്ങൾ
ടി.ബിയും അനുബന്ധരോഗങ്ങളും വലിവ്, ആസ്ത്മ, ന്യൂമോണിയ തുടങ്ങിയവ
. അപകടം മൂലമുള്ള പരിക്കുകൾ
. കരൾ രോഗങ്ങൾ
. സാംക്രമിക രോഗങ്ങൾ
കൊവിഡ് സൃഷ്ടിച്ചിരിക്കുന്ന ഏതാണ്ട് ഭ്രാന്തമായ അന്തരീക്ഷത്തിൽ നമ്മുടെ ആശുപത്രികൾ പ്രത്യേകിച്ച് അത്യാഹിത വിഭാഗങ്ങൾ ആദ്യത്തെ ആറ് വിഭാഗത്തിൽപ്പെട്ട രോഗികളെ മരണത്തിലേക്ക് തള്ളിവിട്ടു കൊണ്ടാണോ കൊവിഡ് രോഗികൾക്ക് പരിചരണം ഉറപ്പാക്കേണ്ടത് എന്നുള്ള കാര്യത്തിൽ ഗൗരവമായ പുനർചിന്തനം ആവശ്യമായിരിക്കുന്നു. അത്യാസന്ന നിലയിൽ പോലും രോഗികൾ ആശുപത്രിയിലേക്ക് പോകാൻ ഭയപ്പെടുന്നു. ഏത് ആശുപത്രിയിൽ പോയാലും കൊവിഡിനാണത്രേ മുൻഗണന. മറ്റ് രോഗികൾ അവഗണിക്കപ്പെടുന്നു. മാത്രവുമല്ല കൊവിഡിനെ ഭയന്ന് ബന്ധുക്കൾ രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലും ഭയപ്പെടുന്നു. വെളുക്കാൻ തേച്ചത് പാണ്ടായി മാറുന്ന അവസ്ഥ.
ഇൗ അവസ്ഥയ്ക്ക് മാറ്റമുണ്ടാകേണ്ടത് വർത്തമാനകാലത്തിന്റെ അനിവാര്യതയാണ്. മനുഷ്യജീവിതം കുറേക്കൂടി അനായാസമാക്കാനുള്ള ഇളവുകൾ ആവശ്യമാണ്. അൺലോക്ക് പ്രക്രിയ എത്രയും പെട്ടെന്ന് സമ്പൂർണമാക്കണം. അങ്ങനെ ജനങ്ങളുടെ പട്ടിണി അകറ്റണം.
തികഞ്ഞ സൂക്ഷ്മതയോടെ മാത്രം ജീവിതം സാധാരണനിലയിലേക്ക് എത്തിക്കുക. മാസ്ക് ധരിക്കലും സാനിറ്റൈസറും കൈ കഴുകലും മറക്കേണ്ട. സാമൂഹ്യഅകലം പാലിക്കുക തന്നെ വേണം. ഇവയൊക്കെ പിന്തുടർന്നു കൊണ്ട് സ്വതന്ത്രമായി ജീവിതം ആസ്വദിച്ച് നമുക്ക് പുതിയൊരു ഭാരതീയ സംസ്കാരത്തിന് തുടക്കമിടാം.
(മെഡിക്കൽ എഡ്യൂക്കേഷൻ മുൻ ഡയറക്ടറാണ് ലേഖകൻ).