chennithala

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ ജനങ്ങളുടെ ഫോൺ കാളുകളുടെ വിവരം പൊലീസെടുക്കുന്നത് ഞെട്ടിക്കുന്നതും മനുഷ്യാവകാശ ലംഘനവുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇത് ഭരണഘടനാ ലംഘനമാണ്. പൊലീസിന്റെ നിയമവിരുദ്ധ ആവശ്യങ്ങൾ അംഗീകരിക്കേണ്ട ചുമതല ടെലികോം കമ്പനികൾക്കില്ല. ടെലിഗ്രാഫ് ആക്ട് ലംഘനം മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ്. മുഖ്യമന്ത്രിയും ഡി.ജി.പിയും നേതൃത്വം നൽകുന്ന ഭരണഘടനാലംഘനം നിയമപരമായി ചോദ്യം ചെയ്യും.

അമേരിക്കൻ കമ്പനിയായ സ്‌പ്രിൻക്ലർ ഡേറ്റ ശേഖരിക്കുന്നുണ്ടെന്ന് കോടതിയിൽ പറഞ്ഞവർ പിന്നെന്തിനാണ് പൊലീസിനെ പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ അനുവദിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. ടെലിഗ്രാഫ് ആക്ട് സെക്‌ഷൻ പ്രകാരമേ പൊലീസിന് ഫോൺകാൾ ഡീറ്റെയിൽസ് എടുക്കാനാവൂ. ഇതുസംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി 12ന് കേന്ദ്ര ആഭ്യന്തരവകുപ്പിറക്കിയ നിയമം മുഖ്യമന്ത്രി വായിച്ച് മനസിലാക്കണം.

ജനങ്ങളുടെ ഫോൺകാൾ രേഖകൾ പൊലീസ് മാസങ്ങളായി എടുക്കുകയാണെന്ന് ഡി.ജി.പിയുടെ കഴിഞ്ഞ ദിവസത്തെ സർക്കുലറിൽ നിന്ന് വ്യക്തമാണ്. എത്ര നാളായി ഇത് നടക്കുന്നുണ്ടെന്നും എന്തുത്തരവിന്റെ അടിസ്ഥാനത്തിലാണീ തീരുമാനമെന്നും സർക്കാർ വ്യക്തമാക്കണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും വരുന്നവരെ ശത്രുക്കളായി കണ്ട നിലപാടാണ് കേരളം ആദ്യമെടുത്തത്. ഇപ്പോൾ എല്ലാ രോഗികളെയും പിണറായി സർക്കാർ ശത്രുവും കുറ്റവാളിയുമാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.