child-line

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്തും കർമനിരതരായി ജില്ലാ ചൈൽഡ് ലൈൻ. തങ്ങൾക്ക് മുന്നിലെത്തുന്ന ഒരോ കേസുകൾക്കും പരിഹാരം കണ്ടെത്തുന്നതിന് 24 മണിക്കൂറും വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ് ചെൽഡ് ലൈൻ പ്രവർത്തകർ. ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ ചൈൽഡ് ലൈനിന് മുന്നിലെത്തുന്ന കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ജാഗ്രതയിൽ കുറവ് വന്നിട്ടില്ല. ലൈംഗിക അതിക്രമങ്ങളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ലോക്ക് ഡൗൺ ആരംഭിച്ച മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ ശാരീരിക അതിക്രമ കേസുകളുടെ എണ്ണം വർദ്ധിച്ചിരുന്നെങ്കിലും ജൂൺ മുതൽ ഇത്തരം കേസുകളുടെ എണ്ണം കുറഞ്ഞതായി ചൈൽഡ് ലൈൻ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ മനോജ് പറഞ്ഞു. ഓൺലൈൻ വഴി അനാവശ്യ മെസേജുകൾ, ചിത്രങ്ങൾ ദുരുപയോഗം ചെയ്യുമെന്ന ഭീഷണി തുടങ്ങിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൈബർ സെല്ലുമായി സഹകരിച്ചാണ് ഇത്തരം കേസുകൾ പരിഹരിക്കുന്നത്. ലോക്ക് ഡൗൺ കാലത്തെ പ്രതിസന്ധികൾക്കിടയിലും കൗൺസിലിംഗ് മുടങ്ങാതിരിക്കാൻ ടെലി കൗൺസിലിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.ചൈൽഡ്‌ലൈൻ ടോൾഫ്രീ നമ്പറായ 1098, ജില്ലാതലത്തിൽ 04712339159 എന്നീ നമ്പറുകളിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് ഏതു സമയത്തും വിവരങ്ങൾ നൽകാമെന്ന് ജില്ലാ കോ‌ർഡിനേറ്റ‌ർ മെറീന പറഞ്ഞു.