മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന കൊവിഡ് പരിശോധനയിൽ 13 പേർക്ക് കൂടി രോഗം കണ്ടെത്തിയെന്നും18 പേർ രോഗമുക്തരായെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.
ഇന്നലെ അഞ്ചുതെങ്ങ് മാമ്പള്ളിയിൽ 50 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 12 പേർക്കും പെരുമാതുറയിൽ 52 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ ഒരാളിനും രോഗമുള്ളതായി കണ്ടെത്തി. വക്കം നിലയ്ക്കാമുക്ക് യു.പി സ്കൂളിൽ 40 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 26 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലും ആർക്കും രോഗമില്ല. ആർ.ടി.പി.സി.ആർ പരിശോധന നടത്തിയ 15 പേരുടെ പരിശോധനാ ഫലം അടുത്ത ദിവസം ലഭിക്കും. അഞ്ചുതെങ്ങിലെ 16 പേർ നെടുങ്ങണ്ട കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നും കടയ്ക്കാവൂരിലെ രണ്ടു പേർ അകത്തുമുറി എസ്.ആർ മെഡിക്കൽ കോളേജിൽ നിന്നും ഉൾപ്പെടെ 18 പേർ രോഗമുക്തരായി.
നോഡൽ ഓഫീസർ ഡോ. രാമകൃഷ്ണ ബാബു, ഡോ. എൻ.എസ്. സിജു, ഡോ. ഷ്യാംജി വോയ്സ്, ഡോ. ദീപക്, ഡോ. മഹേഷ്, ഡോ. പ്രദീപ്, ഡോ. നബീൽ, ഡോ. രശ്മി, ഡോ. ശരത് കുമാർ, ഡോ. രാജീവ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഇന്നും പരിശോധന ഉണ്ടാകും.