phone-ring

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ സമ്പർക്കപ്പട്ടിക കണ്ടെത്താനെന്ന പേരിൽ ആരുടെയും ഫോൺവിളി വിവരങ്ങൾ (സി.ഡി.ആർ) ശേഖരിക്കാൻ പൊലീസിന് അനുമതി നൽകിയത് നിയമത്തിന്റെ പിൻബലമില്ലാതെ.

സാധാരണ ക്രിമിനൽ കേസുകളിൽ ഫോൺ ചോർത്തൽ അനുവദിക്കാറില്ല. രാജ്യസുരക്ഷയെ ബാധിക്കുന്നവ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, ഭീകരവിരുദ്ധനിയമം ചുമത്തൽ തുടങ്ങിയ കേസുകളിൽ പ്രതികളുടെ ഫോൺവിവരങ്ങൾ ശേഖരിക്കണമെങ്കിൽപ്പോലും ഡി.ഐ.ജി റാങ്കിനു മുകളിലെ ഉദ്യോഗസ്ഥൻ ആഭ്യന്തരസെക്രട്ടറിക്ക് അപേക്ഷ നൽകണം. ആഭ്യന്തരസെക്രട്ടറിക്ക് അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്യാം. അനുമതി നൽകിയെങ്കിൽ ചീഫ്സെക്രട്ടറിയും, നിയമ, പൊതുഭരണ സെക്രട്ടറിമാരുമടങ്ങിയ സമിതി പരിശോധിക്കണം.

ഫോൺ ചോർത്താൻ മാസം മുപ്പത് അപേക്ഷയെങ്കിലും പൊലീസ് ആഭ്യന്തരസെക്രട്ടറിക്ക് നൽകാറുണ്ട്. നാലോ അഞ്ചോ അനുവദിക്കും. മേൽനോട്ടസമിതി ഇതിലും കുറവ് വരുത്തും. നളിനി നെറ്റോ ചീഫ്സെക്രട്ടറിയായിരിക്കെ, ബംഗാൾ മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റിട്ടയാളുടെ ഫോൺ ചോർത്താൻ ബംഗാൾ പൊലീസിന്റെ ശുപാർശയോടെ അപേക്ഷയെത്തി. ചീഫ്സെക്രട്ടറി വിജയാനന്ദ് അനുവദിച്ചില്ല.

ഫോൺചോർത്തൽ ഇതിന് മുൻപും

പേരൂർക്കടയിലെ വീട്ടിൽ ഉപകരണങ്ങൾ സ്ഥാപിച്ച് പൊലീസ് രഹസ്യമായി പ്രമുഖരുടെ ഫോണുകൾ ചോർത്തുന്നുവെന്ന ആരോപണം മുൻ പൊലീസ് മേധാവി ശരിവച്ചിരുന്നു.

സോളാർ വിവാദം കത്തിനിൽക്കെ, മാദ്ധ്യമ, രാഷ്ട്രീയ പ്രവർത്തകരുടെ ഫോൺ ചോർത്തുന്നുവെന്ന് ആരോപണമുയർന്നു.

പൊലീസിന്റെ തോക്കുകളും തിരകളും കാണാതായെന്ന സി.എ.ജി റിപ്പോർട്ടിനു പിന്നാലെ മാദ്ധ്യമപ്രവർത്തകരുടെയും പ്രതിപക്ഷ നേതാക്കളുടെയും പൊലീസ് ആസ്ഥാനത്തെ ജീവനക്കാരുടെയും ഫോൺ ചോർത്താൻ രഹസ്യ ഉത്തരവ്.

"ചട്ടപ്രകാരമല്ലാത്ത ഫോൺ ചോർത്തൽ അഞ്ച് വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്. രണ്ട് ജില്ലകളിലിരുന്ന് ഫോൺ വിളിക്കുന്നവരുടെ വിവരങ്ങളെടുത്താൽ സമ്പർക്കപ്പട്ടിക തയ്യാറാക്കാനാവില്ല. രോഗം വന്നതിന് ഒരാഴ്ച മുൻപുള്ള ടവർ ലൊക്കേഷൻ പരിശോധിച്ചാൽ എവിടെയൊക്കെപ്പോയെന്നറിയാനാവും. വിളിച്ചയാളുകളെ മുഴുവൻ പരിശോധിക്കുന്ന നടപടി സ്വകാര്യതയുടെ ലംഘനമാണ്. "

-ബി.ജി.ഹരരീന്ദ്രനാഥ്

മുൻ നിയമസെക്രട്ടറി

"ആശുപത്രിയിലുള്ള രോഗികളോട് സംസാരിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഫോൺ വിവരങ്ങളെടുക്കുന്നത്. മ​റ്റ് ഉദ്ദേശങ്ങളില്ല."

-ബൽറാംകുമാർ ഉപാദ്ധ്യായ

തിരു. പൊലീസ് കമ്മിഷണർ.