textile

കാരേറ്റ്: സീസണുകൾക്കും ആഘോഷങ്ങളും അനുസരിച്ച് പുതുമയുടെ ഫാഷൻ തരംഗവും വർണവൈവിദ്ധ്യവും മാറിമറിയുന്ന വസ്ത്രവിപണന വിപണി ഇന്ന് ആളും ആരവവും ഒഴിഞ്ഞ നിലയിലാണ്. പുതിയ ഫാഷൻ പരീക്ഷണങ്ങൾ ഏറ്റവും അധികം പരീക്ഷിക്കപ്പെടുന്നതും വസ്ത്രങ്ങളിലാണ്. പുതിയ സിനിമകൾ ഇറങ്ങുന്നതിനൊപ്പം അതിലെ കഥാപാത്രങ്ങളുടെ വേഷങ്ങൾക്ക് അനുസരിച്ചു മാറിമറിയുന്ന ഫാഷൻ ശ്രേണി കൊവിഡ് കാലത്തിൽ പെട്ട് ആടിയുലഞ്ഞുപോയി.

വിഷുവും റംസാനും ഈസ്റ്ററും ഉത്സവങ്ങളും അടക്കം എല്ലാ ആഘോഷങ്ങളും വസ്ത്രങ്ങളുടെ വർണപ്പൊലിമ ഇല്ലാതെ കടന്നുപോയി. സമ്പൂർണ അടച്ചുപൂട്ടലിനു ശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വൻകിട വസ്ത്രശാലകൾ അടക്കം തുറന്നെങ്കിലും വില്പനയിൽ മാന്ദ്യമാണ് അനുഭവപ്പെടുന്നതെന്നാണ്‌ ഉടമകൾ പറയുന്നത്.
അന്യ സംസ്ഥാനങ്ങളിലെ വസ്ത്ര വ്യാപാര കേന്ദ്രങ്ങളിൽ നിന്ന് വാങ്ങുന്ന തുണിത്തരങ്ങളാണ് കേരളത്തിലെ ഭൂരിഭാഗം ചെറുകിട വ്യാപാര സ്ഥാപനങ്ങളിലുമെത്തുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ യാത്രകൾ സാദ്ധ്യമാകാതെ വന്നതോടെ നേരിട്ട് സ്റ്റോക്ക് എടുക്കാനും കഴിയുന്നില്ല.

ബാംഗ്ളൂർ, കോയമ്പത്തൂർ, മുംബയ് സൂററ്റ്, തിരുപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് തുണിത്തരങ്ങൾ എത്തുന്നത്. നിലവിൽ അത്യാവശ്യ ഐറ്റങ്ങൾ ഓൺലൈൻ വഴിയാണ് കടകളിലെത്തിക്കുന്നത്. വസ്ത്രത്തിന്റെ ഫോട്ടോയും വിലയും സ്മാർട്ഫോണിൽ ഫോണിൽ കണ്ടുറപ്പിക്കുമ്പോൾ തുണിത്തരങ്ങളുടെ നിലവാരം ഉറപ്പിക്കാൻ പറ്റില്ലാന്നുള്ളതാണ് പ്രധാന വെല്ലുവിളി.