കഴക്കൂട്ടം: പള്ളിപ്പുറം, പാച്ചിറ പ്രദേശത്ത് റോഡിനിരുവശത്തും ചാക്കു കണക്കിന് മാലിന്യം തള്ളുന്നതുമൂലം നാട്ടുകാർ ദുരിതക്കയത്തിൽ. ദിവസങ്ങൾക്ക് മുമ്പ് പാച്ചിറയ്ക്കടുത്ത് കൈത്തോട്ടിലെ കലുങ്കിനെ മൂടുന്ന നിലയിലാണ് മാംസാവശിഷ്ടങ്ങൾ കുന്നുകൂടിയത്. മഴ പെയ്തതോടെ മാലിന്യം അഴുകി പ്രദേശമാക ദുർഗന്ധപൂരിതമായി. വീടിനുള്ളിൽ ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. പ്രദേശമാകെ രോഗഭീതിയിലുമാണ്. പള്ളിപ്പുറം പവർഗ്രിഡ് കോർപ്പറേഷന്റെ മതിലിനോട് ചേർന്ന് മാലിന്യം തള്ളുന്നതും പതിവാണ്.
പള്ളിപ്പുറം മുതൽ പാച്ചിറ വരെ റോഡിനിരുവശവും കാടുമൂടി കിടക്കുന്നതിനാൽ മാലിന്യം തള്ളിയാൽ അറിയാൻ പോലും കഴിയില്ല. നിത്യവും ചാക്കുകണക്കിന് മാലിന്യമാണ് ഇവിടെ തള്ളുന്നത്. അടുത്തിടെ കണിയാപുരത്തെ എൻ.എച്ച് സ്റ്റോർ ഉടമ ഹമീദിന്റെ പള്ളിപ്പുറത്തെ വീടിനരികിലെ കൈത്തോട്ടിൽ രാത്രിയിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു. മാലിന്യം തള്ളുന്നതിനെതിരെ പൊലീസിലും നഗരസഭയുടെ ആരോഗ്യവിഭാഗത്തിലും പരാതിപ്പെട്ടതിന്റെ വൈരാഗ്യത്തിൽ രണ്ടുദിവസം കഴിഞ്ഞ് ഹമീദിന്റെ വീടിനുമുന്നിലായി മാലിന്യം ഒഴുക്കിവിടുകയായിരുന്നു.
പള്ളിപ്പുറം സി.ആർ.പി എഫ് തൊട്ട് കാരമൂട് വരെ റോഡിന്റെ ഇരുവശവും മാലിന്യം നിറഞ്ഞുകഴിഞ്ഞു. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാൻ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ പലയിടത്തും സി.സി ടി.വി കാമറകൾ ഘടിപ്പിച്ചിട്ടും ഫലമുണ്ടായില്ല. മംഗലപുരം പാെലീസിൽ നിരവധി തവണ പരാതി നൽകിയിട്ടും പട്രോളിംഗ് നടത്താൻ പോലും അവർ തയ്യാറാവുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.