seed

സംശയകരമായ വിത്തിനങ്ങളുടെ പാർസൽ പാക്കറ്റ്

തിരുവനന്തപുരം: പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും വിത്തുകൾ ഓൺലൈനിലോ അജ്ഞാതരിൽ നിന്നോ വാങ്ങി നട്ടുവളർത്തി പരീക്ഷിക്കാൻ വരട്ടെ. മണ്ണിന്റെ ഫലഭൂയിഷ്ടി നഷ്ടപ്പെടാനും വിളനാശത്തിനും മാത്രമല്ല, നമ്മുടെ ആരോഗ്യത്തിനു തന്നെ അപകടമാകുന്ന ഘടകങ്ങൾ ഇവയിലുണ്ടാകാമെന്നാണ് കേന്ദ്ര കാർഷിക വകുപ്പ് സംസ്ഥാനങ്ങൾക്കു നൽകുന്ന മുന്നറിയിപ്പ്.

ചൈനയിൽ നിന്നെന്നു കരുതുന്ന ഇത്തരം വിത്തുപായ്‌ക്കറ്റുകൾ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കർഷകരുടെ പേരിൽ അജ്ഞാത മേൽവിലാസത്തിൽ നിന്ന് അയച്ചുകിട്ടിയതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. അമേരിക്കൻ കൃഷി വകുപ്പ് (യു‌.എസ്‌.ഡി‌.എ) 'ബ്രഷിംഗ് സ്‌കാം' അഥവാ 'കാർഷിക കള്ളക്കടത്ത്' എന്നു വിശേഷിപ്പിക്കുന്ന ഈ വിത്തുവരവിനു പിന്നിൽ ചൈനീസ് കീടനാശിനി കമ്പനികളാണെന്നാണ് സംശയം.

വിത്തിനൊപ്പം കീടങ്ങളെയും ആക്രമണകാരികളായ ജീവികളുടെ മുട്ടകളെയും കടത്തിവിടും. ചെടികളുടെ സംരക്ഷണത്തിന് ഈ കമ്പനികളുടെ കീടനാശിനി ഉപയോഗിക്കാതെ പോംവഴിയില്ലെന്നാകും. അജ്ഞാത സ്രോതസ്സുകളിൽ നിന്ന് തെറ്റായി ലേബൽ ചെയ്ത വിത്തു പാഴ്സലുകൾ അമേരിക്ക കൂടാതെ കാനഡ, യു.കെ, ന്യൂസിലൻഡ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും എത്തുന്നതായി റിപ്പോർട്ടുണ്ട്. രാജ്യത്തിന്റെ ജൈവവൈവിധ്യത്തിനും പ്രകൃതിസുരക്ഷയ്ക്കും ഭീഷണിയായ അജ്ഞാത വിത്തുകളെക്കുറിച്ച് സംസ്ഥാന കൃഷി വകുപ്പും ഉടൻ മുന്നറിയിപ്പ് പുറപ്പെടുവിക്കും.

വിത്ത് എത്തുന്നത്

 ഓൺലൈൻ സൈറ്റുകളിൽ നിന്നു വാങ്ങുമ്പോൾ
 വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയുള്ള വില്പന വഴി
 സൗജന്യമായി അജ്ഞാതർ വിതരണം ചെയ്യുന്നത്

ദോഷകരമാകുന്നത്

ഏതെങ്കിലും രോഗത്തിന് കാരണമാകുന്ന വൈറസുകൾ വിത്തുകളിൽ ചേർത്തിട്ടുണ്ടെങ്കിൽ അവ ആ പ്രദേശത്തെ മുഴുവൻ കാർഷിക വിളകളെയും ബാധിക്കും. വെട്ടുകിളികൾക്ക് സമാനമായ കീടങ്ങളുടെ മുട്ടകളാണ് ഉള്ളതെങ്കിൽ ഭവിഷ്യത്ത് ഭീകരമാകും.


ഇത്തരം വിത്തു പായ്ക്കറ്റുകൾ സംസ്ഥാനത്ത് എവിടെ ലഭിച്ചാലും കത്തിച്ചു നശിപ്പിക്കണമെന്ന് കൃഷി ഓഫീസർമാർക്ക് നിർദ്ദേശം നൽകും . കൃഷിഭവനുകളിൽ നിന്നോ വി.എഫ്.പി.സി.കെ അടക്കംസർക്കാർ സംരഭങ്ങളിൽ നിന്നോ മാത്രമേ വിത്തുകൾ വാങ്ങാവൂ.

-രാജേശ്വരി
അസിസ്റ്റന്റ് ഡയറക്ടർ, സീഡ് ഡീലിംഗ്