
തിരുവനന്തപുരം:സൈബർ ആക്രമണങ്ങളെപ്പറ്റിയുള്ള മുഖ്യമന്ത്രിയുടെ 'ഓൺലൈൻ ക്ലാസ് ' ചെകുത്താൻ വേദമോതുന്നതുപോലെയായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹിംസയുടെ പ്രവാചകൻ അഹിംസയെക്കുറിച്ച് വാചാലനാകുന്നത് പോലെയാണത്.
സമൂഹത്തിലായാലും സമൂഹമാദ്ധ്യമങ്ങളിലായാലും ഹിംസയുടെ പ്രഭവകേന്ദ്രം പിണറായി വിജയനാണ്. ടി.പി. ചന്ദ്രശേഖരനെയും ഷുഹൈബിനെയും കൃപേഷിനെയും ഷുക്കൂറിനെയും ശരത്‌ലാലിനെയും അരിഞ്ഞുവീഴ്ത്തിയപ്പോൾ പാർട്ടിയുടെ കടിഞ്ഞാൺ പിണറായി വിജയന്റെ കൈയിലായിരുന്നു. 51വെട്ട് വെട്ടി കൊന്നിട്ട് പിറ്റേന്ന് അയാൾ കുലംകുത്തിയെന്നും കൊല്ലപ്പെടേണ്ടയാളെന്നുമുള്ള മട്ടിൽ സംസാരിക്കാൻ നമുക്കാർക്കും സാധിക്കില്ല. ആ കൊലക്കേസിലെ പ്രതി മരിച്ചപ്പോൾ അയാളെ വീരപുരുഷനായാണ് മുഖ്യമന്ത്രി ചിത്രീകരിച്ചത്.അതിലൂടെ സമൂഹത്തിന് നൽകിയ സന്ദേശമെന്താണ്?
ഷുഹൈബിന്റെയും ശരത്‌ലാലിന്റെയും കൃപേഷിന്റെയും കൊലക്കേസ് സി.ബി.ഐ ഏറ്റെടുക്കാതിരിക്കാൻ കോടികൾ മുടക്കി ഡൽഹിയിൽ നിന്ന് അഭിഭാഷകരെ കൊണ്ടുവന്നതിലൂടെ കൊലയാളികൾ ധൈര്യമായി മുന്നോട്ട് പോയ്ക്കോളൂ, സർക്കാർ ഒപ്പമുണ്ടെന്ന സന്ദേശമാണ് നൽകിയത്. നികൃഷ്ടജീവിയെന്ന് വൈദികനെ വിളിച്ചതും രാഷ്ട്രീയ പ്രതിയോഗിയെ പരനാറിയെന്ന് വിളിച്ചതും മാദ്ധ്യമപ്രവർത്തകരോട് കടക്ക് പുറത്തെന്ന് പറഞ്ഞതും ആരാണ്? മാദ്ധ്യമപ്രവർത്തകരെ വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി അധിക്ഷേപിക്കുമ്പോൾ ശിഷ്യന്മാർ സമൂഹമാദ്ധ്യമങ്ങളിലൂടെ അവരെ തെറി വിളിക്കുന്നു. പിണറായി വിജയൻ ശൈലി മാറ്റാതെ കേരളത്തിലെ ഹിംസാത്മകമായ അന്തരീക്ഷം മാറില്ല.
മാദ്ധ്യമപ്രവർത്തകർ തനിക്കിഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോദിക്കാതിരുന്നാൽ ആക്രമിക്കപ്പെടില്ലെന്ന ധ്വനിയാണ് മുഖ്യമന്ത്രി നൽകുന്നത്. പ്രതിപക്ഷനേതാവിനെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ നടപടി നാമമാത്രമായിരുന്നു.
സൈബർ ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ യു.ഡി.എഫ് പ്രവർത്തകരോട് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിയും ഈ അഭ്യർത്ഥന നടത്തുകയും അവരത് അനുസരിക്കുകയും ചെയ്താൽ പ്രശ്നം അവസാനിക്കുമെന്നും പറഞ്ഞു.