vld-1

വെള്ളറട: കൊവിഡ് വ്യാപനം രൂക്ഷമായ വെള്ളറടയിൽ റൂറൽ എസ്.പി ജനപ്രതിനിധികളുടെ അവലോകന യോഗം വിളിച്ചുചേർത്തു. വെള്ളറട സി.ഐ എം. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ജെ.എം ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ റൂറൽ എസ്.പി ബി. അശോക്, അഡിഷണൽ എസ്.പി ബിജുമോൻ, നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽ കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭകുമാരി, വെള്ളറട എസ്.ഐ സതീഷ് ശേഖർ തുടങ്ങിയവർ പങ്കെടുത്തു. ക്വാറന്റൈനിൽ കഴിയുന്നവർ അത് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ജനപ്രതിനിധികൾക്കൊപ്പം പൊലീസിന്റെ സേവനവും ലഭ്യമാക്കാൻ തീരുമാനമായി. വാർഡ്തല കമ്മിറ്റികളിൽ ഓരോ പൊലീസ് ഉദ്യോഗസ്ഥരെയും കൂടി ഉൾപ്പെടുത്തി കർശന പരിശോധന നടത്താനാണ് തീരുമാനം. തുടർന്ന് കൊവിഡ് വിരുദ്ധ പ്രതിജ്ഞയും എടുത്തു.