malayinkil

മലയിൻകീഴ്: നാല് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുന്നംപാറം ശിവജിപുരത്ത് സ്ഥിതി ചെയ്യുന്ന താലൂക്ക് സപ്ലൈകോ ഗോഡൗൺ പൂട്ടി. മച്ചേൽ സ്വദേശി തൊഴിലാളിക്കാണ് ആദ്യം ബന്ധുവിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിവിധ തൊഴിൽ സംഘടനകളിൽപ്പെട്ട 56 കയറ്റിറക്ക് തൊഴിലാളികൾ ഗോഡൗണിൽ രണ്ട് സെക്ഷനുകളിലായി പണിയെടുക്കുന്നുണ്ട്. 56 തൊഴിലാളികളും ജീവനക്കാരും ഉൾപ്പെടെ 68 പേർ ക്വാറന്റൈനിലാണ്. ഈ ഗോഡൗണിൽ നിന്നാണ് താലൂക്കിലെ റേഷൻ കടകളിൽ സാധനങ്ങൾ നൽകുന്നത്.ഇന്നലെ ഗോഡൗണിലും പരിസര പ്രദേശത്തും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.15 ജീവനക്കാരോടും 18 കയറ്റിറക്ക് തൊഴിലാളികളോടും സ്രവ പരിശോധനയ്ക്ക് എത്താൻ ആരോഗ്യവകുപ്പ് അറിയിപ്പു നൽകിയിട്ടുണ്ട്. ഗൗഡൗണിലെ മച്ചേൽ സ്വദേശിയായ തൊഴിലാളി സ്രവപരിശോധനയ്ക്ക് വിധേയമായി പരിശോധന ഫലം ലഭിക്കുന്നതിന് രണ്ട് ദിവസം മുൻപ് ഗോഡൗണിലെത്തിയതാണ് മറ്റു തൊഴിലാളികളും നിരീക്ഷണത്തിലാകാൻ കാരണം. ഇതേ തൊഴിലാളി ബന്ധുവിന്റെ മരണാനന്തരച്ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. അവിടെ എത്തിയ ബി.ജെ.പി നേതാക്കളായ മുക്കംപാലമൂട് ബിജു,മലയിൻകീഴ് രാധാകൃഷ്ണൻ എന്നിവരും നിരീക്ഷിണത്തിലാണ്. പരിശോധനാ ഫലം നെഗറ്റീവായാൽ മാത്രമേ ഗോഡൗൺ തുറക്കുന്നത് സംബന്ധിച്ച് പറയാനാകൂ എന്ന് മാനേജർ ബിജുരാജ് അറിയിച്ചു.