തിരുവനന്തപുരം: കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ 32ശതമാനവും കേന്ദ്ര വിഹിതമായതിനാൽ ആദായ നികുതി പിരിവ് കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനത്തിന് നേട്ടമാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.
ആദായ നികുതി വർദ്ധന സംസ്ഥാന വരുമാനത്തിലും ആനുപാതിക വർദ്ധനയുണ്ടാക്കുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധ ഡോ.മേരി ജോർജ്ജ് പറഞ്ഞു. ജി.എസ്.ടി കുറയുമ്പോൾ സർക്കാർ പ്രത്യക്ഷ നികുതിയെയാണ് ആശ്രയിക്കുക.
ആദായ നികുതി കൊടുക്കാൻ ബാദ്ധ്യതയുള്ളവരിൽ ചെറിയ ശതമാനം മാത്രമാണ് നികുതി നൽകുന്നത്. സർക്കാർ ജീവനക്കാരും പ്രൊഫഷണൽസുമാണ് കൂടുതലായും ആദായ നികുതി നൽകുന്നത്. നികുതി നൽകേണ്ട പതിന്മടങ്ങ് പേർ പുറത്തു നിൽക്കുന്നു. ഇതുമാറ്രിയെടുക്കാൻ കാര്യമായ ശ്രമം നടക്കണമെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് രാമസുബ്രഹ്മണ്യ അയ്യർ പറഞ്ഞു. അഞ്ചുവർഷം കൊണ്ട് ഒന്നര കോടി ആഡംബര കാറുകളാണ് രാജ്യത്ത് വിറ്രത്. വിദേശത്ത് ബിസിനസിനും വിനോദയാത്രയ്ക്കുമായി പോയവർ മൂന്നു കോടിയാണ്. എന്നിട്ടും, 130 കോടി പേരിൽ ഒന്നര കോടി മാത്രമാണ് ആദായ നികുതി നൽകുന്നത്. കേരളത്തിലാണെങ്കിൽ പ്രവാസി മലയാളികളിൽ ചെറിയ ശതമാനം മാത്രമാണ് നാട്ടിലെ ആദായത്തിന് നികുതി നൽകുന്നത്. പണക്കാരും സാധാരണക്കാരുമായ പ്രവാസികളിൽ കൂടുതൽ പേരും ഹവാല വഴിയാണ് പണം കൈമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയുടെ വിപണി വിലയും ന്യായവിലയും തമ്മിലുളള അന്തരം കള്ളപ്പണത്തിന് ഇടയാക്കുന്നു. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തകരാറിലാക്കും. സഹകരണ ബാങ്കുകളും കള്ളപ്പണത്തിൽ അവരുടേതായ പങ്ക് വഹിക്കുന്നുണ്ട്.