photo

നെടുമങ്ങാട്: പോക്സോ കോടതിയും വാഹനാപകട നഷ്ടപരിഹാര കോടതിയും (എം.എ.സി.ടി) ഉൾപ്പെടെ നെടുമങ്ങാട്ട് പുതുതായി കോടതികൾ വരുമ്പോഴും നിലവിലുള്ള കോടതി മന്ദിരത്തിൽ സ്ഥലസൗകര്യം വില്ലനാവുന്നു. ഒമ്പത് ജില്ലാ കോടതികൾ ഒരു കെട്ടിടത്തിൽ സജ്ജീകരിക്കാനുള്ള ബുദ്ധിമുട്ട് പങ്കുവയ്ക്കുകയാണ് ജുഡിഷ്യൽ ഓഫീസർമാർ അടക്കമുള്ള ജീവനക്കാർ. ചേംബറും ഡയസും ഓഫീസുമെല്ലാം ഒറ്റമുറിയിൽ പ്രവർത്തിക്കേണ്ട ദുരവസ്ഥയാണുള്ളത്. ഏറ്റവും ഒടുവിൽ ആരംഭിച്ച ഫോറസ്റ്റ് കോടതി രണ്ടു കി.മീറ്ററോളം മാറി വാടക കെട്ടിടത്തിലാണ് പ്രവർത്തനം. പുതുതായി തുടങ്ങുന്ന പോക്സോ കോടതിക്ക് ആസ്ഥാനമൊരുങ്ങുന്നതും നഗരഹൃദയത്തിൽ നിന്ന് മാറി നെട്ടയിലെ വാടക കെട്ടിടത്തിൽ. കച്ചേരിനടയിലെ സ്വന്തം ആസ്ഥാന മന്ദിരത്തിൽ ആറു കോടതികൾ തിങ്ങിഞെരുങ്ങിയാണ് പ്രവർത്തിച്ചു പോരുന്നത്. മൂന്ന് നില കെട്ടിടത്തിൽ ആകപ്പാടെയുള്ളത് ഒരു പൊതുടോയ്‌ലെറ്റാണ്. സ്ഥലപരിമിതി ഉള്ളതിനാൽ ഓഫീസർമാരും വക്കീലന്മാരും കക്ഷികളും നഗരമദ്ധ്യത്തിൽ പൊതുസ്ഥലങ്ങൾ കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട ഗതികേടിലാണ്. ഞെരുങ്ങിയ ഇടനാഴികളും വായു കടക്കാത്ത ചെറിയ മുറികളും ഉദ്യോഗസ്ഥരെയും കക്ഷികളെയും വീർപ്പുമുട്ടിക്കുന്നു. നാലാമത്തെ നില കെട്ടി പ്രശ്നപരിഹാരത്തിനു ശ്രമം നടന്നെങ്കിലും ഫിറ്റ്നസ് കിട്ടാതെ നീക്കം ഉപേക്ഷിച്ചു. ആധുനിക മന്ദിര നിർമ്മാണത്തിന് ആലോചന ഊർജിതമാണെങ്കിലും അനുയോജ്യമായ സ്ഥലം കിട്ടാതെ നടപടികൾ കടലാസിൽ ഒതുങ്ങുകയാണ്. കുടുംബ കോടതി മന്ദിരം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ച ഒരു കോടി രൂപ പാഴായത്‌ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വാളിക്കോട്ട് സ്വകാര്യ കമ്പനിയുടെ പെട്രോൾ പമ്പിനു സമീപം 55 സെന്റ് സ്ഥലം കോടതി കെട്ടിട നിർമ്മാണത്തിനായി അക്വയർ ചെയ്തിരുന്നു. ചിലരുടെ അനാവശ്യ ഇടപെടലുകൾ മുഖാന്തരം നടപടികൾ നിലച്ചതാണ്‌ കേന്ദ്ര ഫണ്ട് ലാപ്സാവാൻ ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്. കോടതി ജീവനക്കാർക്ക് ക്വാർട്ടേഴ്‌സ് പണിയാൻ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയ തുകയും ഇതേപോലെ പാഴായി.

വി.ഐ.പി വക സ്ഥലം അനുയോജ്യം

പത്താംകല്ലിൽ സർക്കാർ ഉപേക്ഷിച്ച വാമനപുരം ഇറിഗേഷൻ പ്രോജക്ട് (വി.ഐ.പി) വക 13 ഏക്കർ സ്ഥലം കോടതി സമുച്ചയവും ക്വാർട്ടേഴ്‌സും നിർമ്മിക്കാൻ വിട്ടു നൽകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഇവിടെ, ഒന്നരയേക്കർ കെ.ടി.ഡി.സിയുടെ ഹോട്ടലിനായി ഇതിനകം വിട്ടുകൊടുത്തിട്ടുണ്ട്. കൊട്ടാരക്കര കോടതി മന്ദിരം നിർമ്മിക്കാൻ കല്ലട ജലസേചന പദ്ധതി പ്രദേശം അനുവദിച്ച മാതൃകയിൽ വാമനപുരം ഇറിഗേഷന്റെ അവശേഷിക്കുന്ന സ്ഥലം നെടുമങ്ങാട് കോടതിക്ക് കൈമാറണമെന്നാണ് ആവശ്യം.

ഫോറസ്റ്റ് കോടതി വാടക കെട്ടിടത്തിൽ

വിശ്രമമുറികളോ ടോയ്ലെറ്റുകളോ ഇല്ല

വാഹന പാർക്കിംഗ് വെല്ലുവിളി

അനുയോജ്യമായ സ്ഥലം ലഭിക്കുന്നില്ല

 പാഴായ കേന്ദ്രഫണ്ട് - 1 കോടി രൂപ

പ്രതികരണം

കോടതി സമുച്ചയ നിർമ്മാണത്തിന് പത്താംകല്ലിൽ സ്ഥലം വിട്ടുതരണമെന്ന് സർക്കാരിനും ഹൈക്കോടതിക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്.12 ഏക്കറോളം ഭൂമിയാണ് ഇവിടെ കാടുകയറി അന്യാധീനപ്പെടുന്നത്.

-അഡ്വ. കോലിയക്കോട് മോഹൻകുമാർ (പ്രസിഡന്റ്, ബാർ അസോസിയേഷൻ)