തിരുവനന്തപുരം :ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുതിയ ഭരണസമിതി രൂപീകരിക്കാനായി ട്രസ്റ്റി രാമവർമ്മ സുപ്രീംകോടതിയിൽ തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിച്ചതായി സൂചന. ജില്ലാ ജഡ്ജി , കേന്ദ്ര സർക്കാർ പ്രതിനിധി, സംസ്ഥാന സർക്കാർ പ്രതിനിധി ,തന്ത്രി എന്നിവരാണ് അഞ്ചംഗ ഭരണസമിതിയിലെ നാലുപേർ. ഒരാളെ ട്രസ്റ്രിക്ക് നിർദ്ദേശിക്കാം. ഇതുകൂടാതെ ഉപദേശകസമിതിയിലെ ഒരാളെയും ട്രസ്റ്രിക്ക് നിർദ്ദേശിക്കാം. ഇതുകൂടാതെ ഒരു ചാർട്ടേഡ് അക്കൗണ്ടന്റും റിട്ട. ജഡ്ജും ഉപദേശക സമിതിയിലുണ്ടാവും. ഉപദേശക സമിതിയിലെ ട്രസ്റ്രിയുടെ പ്രതിനിധി രാജകുടുംബാംഗം ആദിത്യ വർമ്മയായിരിക്കുമെന്ന സൂചനയുണ്ട്. ഭരണ സമിതിയിൽ കേന്ദ്ര സർക്കാർ പ്രതിനിധിയായി സി.വി.ആനന്ദ ബോസ് പരിഗണിക്കപ്പെടുമെന്ന സൂചനയുണ്ട്. സംസ്ഥാന സർക്കാർ പ്രതിനിധിയായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് രാജഗോപാലൻ നായർ, ചെറുന്നിയൂർ ശശിധരൻ തുടങ്ങിയവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. എക്സിക്യൂട്ടീവ് ഓഫീസറായി നേരത്തെ ജൂനിയർ തസ്തികകളിലിരുന്നവരെയും പരിഗണിക്കുന്നുണ്ട്.
പുതിയ കമ്മിറ്രി നിലവിൽ വരുന്നതുവരെ ഇപ്പോഴുള്ള എക്സിക്യൂട്ടീവ് ഓഫീസർ വി.രതീശൻ തുടരും. അദ്ദേഹത്തിന് സർക്കാർ ലാൻഡ് ബോർഡ് സെക്രട്ടറിയുടെ ചുമതല നൽകിയിട്ടുണ്ട്.