തിരുവനന്തപുരം: നഴ്സിംഗ് ബിരുദപഠനത്തിന് നിലവിലുള്ള സീറ്റിന്റെ പതിനൊന്ന് മടങ്ങ് അപേക്ഷകൾ വന്നിരിക്കുന്ന സാഹചര്യത്തിൽ 20 ശതമാനം നഴ്സിംഗ് സീറ്റ് കൂട്ടണമെന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്കി.
നഴ്സിംഗ് ബിരുദപഠനത്തിന് ഇത്തവണ എഴുപതിനായിരത്തിലേറെ കുട്ടികളാണ് അപേക്ഷിച്ചിരിക്കുന്നത്. എന്നാൽ 6,265 സീറ്റുകളേയുള്ളൂ. മുൻ വർഷങ്ങളിൽ നല്ലൊരു ശതമാനം കുട്ടികൾ കേരളത്തിന് പുറത്തുപോയി പഠിക്കുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ കൊവിഡ് മഹാമാരി മൂലം അതു കഴിയില്ല. ആർട്സ് ആൻഡ് സയൻസ്, എൻജിനിയറിംഗ് കോഴ്സുകൾക്ക് ഇത്തവണ 20 ശതമാനം സീറ്റ് കൂട്ടിയ മാതൃകയിൽ നഴ്സിംഗ് സീറ്റുകളുടെ എണ്ണം കൂട്ടുന്നതിന് പ്രത്യേക സാമ്പത്തിക ബാദ്ധ്യതയുണ്ടാകില്ലെന്നാണറിയുന്നത്. 127 സ്വാശ്രയ കോളേജുകളും 6 സർക്കാർ കോളേജുകളുമാണ് കേരളത്തിലുള്ളത്. സ്വാശ്രയ കോളേജുകളിലെ 50 ശതമാനം സീറ്റ് സർക്കാരിനാണ്. വിദേശത്ത് മലയാളി നഴ്സുമാർക്ക് നല്ല ഡിമാൻഡുണ്ടെന്നും പെൺകുട്ടികൾക്ക് സുരക്ഷിതമായി കടന്നുചെല്ലാവുന്ന തൊഴിൽമേഖല കൂടിയാണിതെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.