m-sivasankar

തിരുവനന്തപുരം: കൊവിഡിന്റെ മറവിൽ ജനത്തിന്റെ ഫോൺ ചോർത്താൻ പൊലീസിന് അനുമതി നൽകി വിവാദ ഉത്തരവിറക്കിയത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറാണ്. ജൂൺ 29ന് ഉത്തരവിറങ്ങിയപ്പോൾ മുതൽ പൊലീസ് ഫോൺവിളി രേഖകൾ ചോർത്തുകയാണ്.

കൊവിഡ് പ്രതിരോധത്തിന്റെ ചുമതല പൊലീസിന് കൈമാറുന്നതിന് വളരെ മുൻപാണ് ഉത്തരവിറങ്ങിയത്. ആഭ്യന്തരസെക്രട്ടറിക്കാണ് ഫോൺ ചോർത്തൽ, ഫോൺ രേഖകൾ ശേഖരിക്കൽ എന്നിവയ്ക്ക് അനുമതി നൽകാനുള്ള അധികാരം. ഇത് മറികടന്നാണ് ഐ.ടി സെക്രട്ടറിയെന്ന നിലയിൽ ശിവശങ്കറിന്റെ ഉത്തരവ്.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങളാണ് ശേഖരിക്കുന്നതെന്നും വളരെ മുൻകരുതലോടെ കൈകാര്യം ചെയ്യണമെന്നും ഉത്തരവിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫോൺവിളി വിവരങ്ങൾ സൂക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിലും സൂക്ഷ്‌മത പുലർത്തണം. ആവശ്യം കഴിഞ്ഞാൽ ഡേറ്റ നശിപ്പിക്കണം. ടെലിഗ്രാഫ് ആക്ട് ചട്ടം 5(2) പ്രകാരം ടെലികോം കമ്പനികളിൽ നിന്ന് വ്യക്തികളുടെ ലൊക്കേഷൻ വിവരങ്ങളും കാൾ റെക്കാഡുകളും ശേഖരിക്കണം. ഇതിനായുള്ള സ്റ്രാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ പാലിച്ചിരിക്കണമെന്നും നിർദ്ദേശിച്ചു.

സർക്കാർ ഉത്തരവിറക്കിയെങ്കിലും വോഡഫോൺ വിവരങ്ങൾ നൽകാൻ വിമുഖത കാട്ടി. ഇത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരിഹരിക്കണമെന്നും പിന്നീട് ഡി.ജി.പിയുടെ ഉത്തരവിറങ്ങി. മറ്റു കമ്പനികൾ ഫോൺ വിവരം നൽകുന്നുണ്ട്. ബി.എസ്.എൻ.എല്ലിൽ നിന്ന് രേഖകൾ കൃത്യമായി കിട്ടുന്നെന്ന് ഉറപ്പാക്കാൻ ഇന്റലിജൻസ് എ.ഡി.ജി.പിയെ ചുമതലപ്പെടുത്തി.

അതേസമയം, രോഗത്തിന്റെ പേരിൽ ഒരാളുടെ ഫോൺവിളി രേഖകൾ പൊലീസ് ശേഖരിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന ആക്ഷേപം ശക്തമാവുകയാണ്.